EDAPPALLocal news

“കുട്ടികളെ കേൾക്കാൻ ‘ചങ്ങാത്തം’; CWCയുടെ നവീന സാമൂഹിക ഇടപെടൽ തവനൂരിൽ”

തവനൂർ: കുട്ടികളിൽ വർധിച്ചുവരുന്ന മാനസിക സമ്മർദ്ദം, ഏകാന്തത, നിരാശ, ആത്മഹത്യാപ്രവണത, വൈകാരിക പ്രതിസന്ധികൾ എന്നിവയെ പ്രതിരോധിക്കുകയും “Suicide Free World”(ആത്മഹത്യാ രഹിത ലോകം) എന്ന ലക്ഷ്യത്തിലേക്ക് സമൂഹത്തെ നയിക്കുകയും ചെയ്യുന്നതിനായി മലപ്പുറം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC), “ചങ്ങാതി” സന്നദ്ധ പ്രസ്ഥാനത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന “CWC–ചങ്ങാത്തം” പദ്ധതിയുടെ ഭാഗമായി കെ.എം.ജി.വി.എച്ച്.എസ്.എസ്., തവനൂരിൽ ചങ്ങാത്തം നടത്തി.

വാർഡ് മെമ്പറും പിടിഎ പ്രസിഡണ്ട് കൂടിയായ ശ്രീനിവാസൻ പി. വി. സ്വാഗതം പറഞ്ഞ ചടങ്ങിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ആർ. ഗായത്രി അധ്യക്ഷത വഹിച്ചു. തവനൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വ. വി. എസ്. ജോയ് ഉദ്ഘാടനം നിർവഹിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അരീക്കാടൻ മമ്മു മാസ്റ്റർ പദ്ധതി വിശദീകരിച്ചു.
സി ഡബ്ല്യു സി അംഗം അഡ്വ. എ സതീഷ്, ചങ്ങാതി ചീഫ് കോഡിനേറ്റർ നന്ദജൻ കെ. എ, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഹീര കെ എസ്, പ്രധാന അധ്യാപിക സരിത ടി പി എന്നിവർ ആശംസകൾ നേർന്നു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഷൈജു നന്ദി രേഖപ്പെടുത്തി.

“നിങ്ങൾക്ക് എന്തോ പറയാനുണ്ട്… എനിക്ക് കേൾക്കാൻ സമയമുണ്ട്” എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള ചങ്ങാത്തം പദ്ധതി, കുട്ടികൾക്ക് സുരക്ഷിതവും വിശ്വാസപൂർണവുമായ Listening Space ഒരുക്കുകയും, വിധിയെഴുതാതെ കേൾക്കുന്ന (Non-judgmental Listening) സംസ്കാരം വിദ്യാലയങ്ങളിലും സമൂഹത്തിലും വളർത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നത്. കുട്ടികൾക്ക് സ്വന്തം വികാരങ്ങൾ തിരിച്ചറിയാനും, ജീവിതപ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടാനും, ജീവിതനൈപുണികൾ വികസിപ്പിക്കാനും സഹായിക്കുന്ന ഒരു പ്രതിരോധാത്മക, ശിശുസൗഹൃദ, ആത്മഹത്യാ പ്രതിരോധ സൗഹൃദപിന്തുണാ മാതൃകയാണ് ചങ്ങാത്തം.
ഇത് കൗൺസലിംഗ് സേവനത്തിന് പകരമുള്ള സംവിധാനമല്ലെന്നും, മറിച്ച് കുട്ടികളെ ആത്മാർത്ഥമായി കേൾക്കുകയും ആവശ്യമായ പിന്തുണയിലേക്കും സേവനങ്ങളിലേക്കും ബന്ധിപ്പിക്കുകയും ചെയ്യുന്ന സാമൂഹിക ഇടപെടലാണെന്നും പരിപാടിയിൽ വിശദീകരിച്ചു. പദ്ധതി ഏകദിന പരിപാടിയല്ല; തെരഞ്ഞെടുത്ത ഓരോ വിദ്യാലയത്തിലും മാസത്തിലൊരിക്കൽ പരിശീലനം നേടിയ ചങ്ങാതിമാർ എത്തി കുട്ടികളുമായി സംവദിക്കുകയും, അവരുടെ വൈകാരികവും മാനസികവുമായ വളർച്ചയ്ക്ക് പിന്തുണ നൽകുകയും ചെയ്യും.

കുട്ടികളുടെ മാനസികാരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പാക്കുകയും ആത്മഹത്യാ പ്രതിരോധത്തിന് സമൂഹാധിഷ്ഠിതമായ ഒരു മാതൃക രൂപപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ആദ്യമായി ഒരു ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര Befriending Model എന്ന നിലയിൽ “CWC–ചങ്ങാത്തം” പദ്ധതി ശ്രദ്ധേയമാണെന്ന് പരിപാടിയിൽ വിലയിരുത്തപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button