KERALA

അടുത്ത അദ്ധ്യായന വർഷം ആരംഭിക്കുന്നത് ജൂൺ ഒന്നിനുതന്നെ; വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സ്കൂൾ തുറക്കൽ ജൂൺ ഒന്നിനുതന്നെയെന്ന് മന്ത്രി വി. ശിവൻകുട്ടി. പ്രവേശനോത്സവം നടത്തിയാകും സ്കൂൾ തുറക്കുക.

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഡിജിറ്റൽ ഉപകരണങ്ങളുടെ പ്രവർത്തനം ഉറപ്പുവരുത്തുന്നതിന് ഡിജിറ്റൽ ക്ലിനിക്കുകളുടെ സേവനം സ്കൂളുകളിലുണ്ടാവും. അധ്യാപക-രക്ഷാകർത്തൃ സമിതികൾ പുനഃസംഘടിപ്പിക്കുന്നതിനും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും വിശദമായ മാർഗരേഖ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

എസ്.സി.ഇ.ആർ.ടി., എസ്.എസ്.കെ. തുടങ്ങിയ എല്ലാ ഏജൻസികളുടെയും അധ്യാപകസംഘടനകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേരും. ഭിന്നശേഷിക്കുട്ടികളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനുള്ള പ്രത്യേക പരിഗണന പുതിയ അധ്യയനവർഷത്തിൽ ഉണ്ടാകും.

വൻതുക ഫീസ് വാങ്ങിയാൽ കർശന നടപടി

വൻതുക ഫീസ് വാങ്ങുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിയുണ്ടാകും. അംഗീകാരമില്ലാത്ത സ്കൂളുകളുടെ കണക്കെടുക്കും. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

അക്കാദമിക മാസ്റ്റർ പ്ലാൻ രൂപവത്കരിക്കുന്നതിന് സ്കൂളുകളിൽ മേയിൽ ശില്പശാലകൾ നടത്തും. ഒന്നുമുതൽ ഏഴുവരെയുള്ള അധ്യാപകരുടെ പരിശീലനം മേയിലും ബാക്കിയുള്ള അധ്യാപകരുടെ പരിശീലനം ഉത്തരക്കടലാസ് മൂല്യനിർണയത്തിനുശേഷം വിവിധ സമയങ്ങളിലായും പൂർത്തിയാക്കും. സ്കൂൾ തുറക്കുന്നതിനുമുമ്പ് എല്ലാ വിദ്യാർഥികൾക്കും പാഠപുസ്തകം വിതരണം ചെയ്യും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button