പൊന്നാനി തുറമുഖ നിർമാണം: റിപ്പോർട്ട് തയാറാക്കാൻ നിർദേശം
പൊന്നാനി : തുറമുഖ നിർമാണത്തിന്റെ ഭാഗമായി ഇൗ മാസം അവസാനം വിവിധ വകുപ്പ് മന്ത്രിമാരുടെ യോഗം ചേരും. ഹാർബർ പ്രദേശത്തോടു ചേർന്ന് കപ്പൽ ടെർമിനൽ നിർമാണത്തിന് വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) ഉടൻ തയാറാക്കും. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ പി.നന്ദകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേർത്തു. ഫിഷറീസ്, തുറമുഖം, ഹാർബർ തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
200 മീറ്റർ നീളത്തിലുള്ള കപ്പൽ ടെർമിലനലാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. 13 മീറ്റർ ആഴം ഉറപ്പാക്കുന്ന തരത്തിലായിരിക്കും വാർഫിന്റെ നിർമാണം. കൂറ്റൻ ചരക്ക് കപ്പൽ ഉൾപ്പെടെ പൊന്നാനിയിലേക്ക് എത്തുന്നതിനുള്ള വഴിയൊരുക്കുകയാണ് ലക്ഷ്യം. കൊച്ചിക്ക് സമാനമായ ആഴവും ടെർമിനലും പൊന്നാനിയിൽ ഉറപ്പാക്കാൻ കഴിഞ്ഞാൽ പൊന്നാനി തുറമുഖത്തിന്റെ തലവര തന്നെ മാറുന്ന മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ലക്ഷദ്വീപ്, മാലദ്വീപ്, ശ്രീലങ്ക തുടങ്ങിയ തീരങ്ങളിലേക്ക് പൊന്നാനിയിൽ നിന്ന് ചരക്ക് നീക്കവും യാത്രാ സംവിധാനവും ഒരുക്കുന്ന തരത്തിൽ പാസഞ്ചർ–ചരക്ക് കപ്പലുകൾ പൊന്നാനിയിലേക്ക് എത്തിക്കും.
കപ്പൽ ടെർമിനൽ ടൂറിസം രംഗത്ത് വൻ സാധ്യതകൾ തുറക്കുമെന്നാണ് പ്രതീക്ഷ. ഹാർബർ പ്രദേശത്ത് വാർഫ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഹാർബർ എൻജിനീയറിങ് വിഭാഗം എതിർപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും എംഎൽഎ മുൻകയ്യെടുത്ത് എതിർപ്പ് മറികടന്നിട്ടുണ്ട്. തുറമുഖ വകുപ്പ് തയാറാക്കുന്ന പദ്ധതി ഉടൻ സർക്കാരിന് സമർപ്പിക്കും. പി.നന്ദകുമാർ എംഎൽഎ ആധ്യക്ഷ്യം വഹിച്ചു. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, കോഴിക്കോട് പോർട്ട് ഓഫിസർ അശ്വനി പ്രതാപ്, ഹാർബർ എക്സിക്യൂട്ടീവ് എൻജിനീയർ രാജീവ്, സീനിയർ പോർട്ട് കൺസർവേറ്റർ വി.വി.പ്രസാദ് എന്നിവർ പങ്കെടുത്തു.