പൊന്നാനി കർമ്മ റോഡിന്റെ പുനർനിർമാണം അവസാനഘട്ടത്തിൽ
പൊന്നാനി: ഭാരതപ്പുഴയോരത്തെ കർമ്മ റോഡിന്റെ പുനർനിർമാണം ദ്രുതഗതിയിൽ നടന്നുവരുന്നു. 10 കോടി ചെലവഴിച്ചാണ് പണികൾ നടക്കുന്നത്. ജിം റോഡ് മുതൽ ചമ്രവട്ടം കടവ് വരെ 5 കിലോമീറ്റർ ഭാഗത്ത് റബറൈസ് ചെയ്യാനാണ് പദ്ധതി. ഇതിൽ ഇനി ഒരു കിലോമീറ്റർ ഭാഗമാണ് ടാറിങ് ചെയ്യാനുള്ളത്. ബാക്കിയുള്ള ഭാഗങ്ങളിൽ ഏറെക്കുറെ റബറൈസിങ് പൂർത്തിയായി. നിള സംഗ്രഹാലയത്തിന്റെ മുൻവശത്തെ സൗന്ദര്യവത്കരണം അടുത്തമാസം പകുതിയോടെ പൂർത്തിയാക്കും.
കർമ്മ റോഡിൽ സംരക്ഷണഭിത്തിയും നടപ്പാതയും നിർമിക്കാൻ ടൂറിസം വകുപ്പിന്റെ ഒരുക്കങ്ങൾ തുടങ്ങി. പുഴയോരത്ത് ഗാബിയോൺ ബോക്സുകൾ ഉപയോഗിച്ചുള്ള ഭിത്തി നിർമിക്കുന്ന പദ്ധതി നടന്നുവരുന്നു. നടപ്പാതയ്ക്കുള്ള കട്ട വിരിക്കൽ തുടങ്ങി. കർമ്മ പാലം മുതൽ ചമ്രവട്ടം കടവ് വരെ നടപ്പാത നിർമിക്കാനാണ് നീക്കം.
നിലവിൽ മരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ രണ്ടര കിലോമീറ്ററോളം ഭാഗം ഗാബിയോൺ ബോക്സുകൾ ഉപയോഗിച്ച് മികച്ച ഭിത്തിയൊരുക്കിയിട്ടുണ്ട്. ബാക്കിയുള്ള ഭാഗത്തുകൂടി ഭിത്തി നിർമിക്കാൻ ടൂറിസം വകുപ്പ് 5 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും.
കർമ്മ പാലം ഉൾപ്പെടെയുള്ള റോഡ് നിർമാണവും നിള സംഗ്രഹാലയവും ഒരുമിച്ച് പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.