പൊന്നാനിയിലെ പരസ്യപ്രതിഷേധം: ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ സിദ്ദിഖ് ഏരിയാ കമ്മിറ്റിയിലേക്ക്
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധ പ്രകടനം നടത്തിയ സംഭവത്തിൽ അച്ചടക്ക നടപടി നേരിട്ട ടിഎം സിദ്ദിഖിനെ സിപിഐഎം ഏരിയാ കമ്മിറ്റിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട പരസ്യ പ്രതിഷേധങ്ങൾക്ക് പിന്നാലെ സിദ്ദിഖിനെ ജില്ലാ സെക്രട്ടേറിയേറ്റിൽ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഞായറാഴ്ച മലപ്പുറത്ത് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഏരിയാ കമ്മിറ്റിയിലേക്ക് എടുക്കാനുള്ള തീരുമാനം ഉണ്ടായത്.
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു ജില്ലാ കമ്മിറ്റി യോഗം, പൊന്നാനി ഏരിയാ കമ്മിറ്റിയിലേക്കാണ് ഇദ്ദേഹം തിരിച്ചെത്തുക. വെളിയങ്കോട് തണ്ണിത്തുറ ബ്രാഞ്ച് കമ്മിറ്റിയിലേക്കായിരുന്നു സിദ്ദിഖിനെ തരംതാഴ്ത്തിയത്.
മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ രണ്ട് ടേമിന്റെ പേരിൽ മാറ്റി നിർത്തിയപ്പോൾ പി നന്ദകുമാറിനെയായിരുന്നു പാർട്ടി സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. എന്നാൽ, സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രകടവുമായി ബന്ധപ്പെട്ടായിരുന്നു സിപിഐഎം നടപടി. ഇതിന്റെ ഭാഗമായി സിദ്ദിഖ് അടക്കം പതിനൊന്ന് പേർക്കെതിരെ പാർട്ടി നടപടി എടുത്തിരുന്നു. എന്നാൽ, നടപടിക്കെതിര അന്ന് കടുത്ത വിമർശനം പാർട്ടിക്കുള്ളിൽ നിന്നു തന്നെയുണ്ടായിരുന്നു.
സിദ്ദീഖിനെ മാത്രം ലക്ഷ്യം വെച്ച് അന്വേഷണ കമ്മീഷനും പാർട്ടിയിലെ ചില നേതാക്കളും നീക്കങ്ങൾ നടത്തിയെന്ന് അന്ന് സിദ്ദിഖ് അനുകൂലികൾ ആരോപണം ഉന്നയിച്ചിരുന്നു. പാർട്ടി നടപടി ഏകപക്ഷീയമായെന്നും വിലയിരുത്തൽ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ, വിവിധ ലോക്കൽ കമ്മിറ്റികൾ പ്രതിഷേധവുമായി എത്തിയിരുന്നു. ബ്രാഞ്ച് സമ്മേളനം നടക്കുന്ന നഗരികളിലേക്ക് പ്രതിഷേധ പ്രകടനം പോലും നടന്നിരുന്നു. ഇതിനെല്ലാം ഒടുവിൽ പാർട്ടി കോൺഗ്രസ് അവസാനിച്ച ശേഷമാണ് തിരിച്ചെടുക്കാൻ തീരുമാനം ഉണ്ടാവുന്നത്.
