Local newsMALAPPURAM

ആ സംസാരം ഒഴിവാക്കിയിരുന്നെങ്കിൽ… ഖമറുദ്ദീന്റെ ഉള്ളുപിടയ്ക്കുന്നു

മലപ്പുറം നൂറാടിപ്പാലത്തിനു സമീപം പാലക്കണ്ണ് കടവിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്തിയ ഖമറുദ്ദീൻ‌ സംസാരിക്കുന്നു

മലപ്പുറം: പച്ചക്കറിയുമായി കടലുണ്ടിപ്പുഴയോരത്തെ വഴിയിലൂടെ വീട്ടിലേക്കു പോകുന്നതിനിടെയാണ് എന്തോ ശബ്ദം കേട്ട് ഖമറുദ്ദീൻ പുഴയിലേക്ക് നോക്കിയത്. മുങ്ങിത്താഴുന്നൊരു പെൺകുട്ടിയുടെ മുടി കണ്ടതോടെ നേരെ ചാടി രക്ഷിച്ചു. അതിനിടെ കാലിൽ മറ്റാരോ തടഞ്ഞു. മുങ്ങി പുറത്തെടുത്തത് അയൽവാസിയായ യുവതിയെ. ബോധമില്ലാതെ കിടന്ന അവർക്ക് പ്രഥമ ശുശ്രൂഷ നൽകുന്നതിനിടെയാണ് രക്ഷപ്പെട്ട പെൺകുട്ടി വെള്ളത്തിലേക്ക് ചൂണ്ടി പറഞ്ഞത്:

‘എന്റെ ഉമ്മാനെയും… അനിയത്തിയെയും… കൂടി രക്ഷിക്കണേ’

2 പേരെ രക്ഷിച്ച ആശ്വാസത്തിലായിരുന്ന ഖമറുദ്ദീൻ ദൈവത്തെ വിളിച്ച് വീണ്ടും വെള്ളത്തിലേക്ക്. മുങ്ങിനോക്കിയെങ്കിലും ആദ്യം ആരെയും കണ്ടില്ല. ഇതിനിടെ താഴെ ഭാഗത്ത് പുല്ലരിയാനെത്തിയ ആളും ശബ്ദം കേട്ട് തിരയാൻ വെള്ളത്തിലേക്കിറങ്ങി.

ഖമറുദ്ദീൻ രണ്ടാമത് കൂടുതൽ ആഴത്തിലേക്ക് മുങ്ങിയപ്പോൾ ഇളയ കുട്ടിയെ (ദിയ) കിട്ടി. അവളെയുമെടുത്ത് ആശുപത്രിയിലേക്ക് കുതിക്കാനായി റോഡിലെത്തിയപ്പോഴാണ് കുട്ടിയുടെ വല്ല്യുപ്പയും മരിച്ച ഫായിസയുടെ പിതാവുമായ ഒഴുക്കപ്പറമ്പിൽ അബ്ദുൽ ഗഫൂറിനെ കണ്ടത്. ഖമറുദ്ദീൻ ദിയയെ ഗഫൂറിന്റെ കയ്യിലേൽപിച്ച് വേഗം ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ പറഞ്ഞു. വീണ്ടും കടവിലേക്ക് എത്തിയപ്പോഴേക്കും മറ്റുള്ളവർ ചേർന്ന് ഫായിസയെയും പുറത്തെടുത്തിരുന്നു.

കടവിലേക്ക് എത്തുന്നതിന്റെ തൊട്ടു മുൻപ് മറ്റൊരു പരിചയക്കാരനെ കണ്ട് സംസാരിക്കാൻ ചെലവഴിച്ച നിമിഷങ്ങളെ ഓർത്താണ് ഇപ്പോൾ ഖമറുദ്ദീന് സങ്കടം. അല്ലായിരുന്നെങ്കിൽ 4 പേരെയും രക്ഷിക്കാൻ കഴിയുമായിരുന്നെന്ന് അദ്ദേഹം പറയുന്നു. അപകടമുണ്ടായ പാലക്കണ്ണ കടവിന് (സ്റ്റെപ്പുംകടവ്) 125 മീറ്റർ മാത്രം ദൂരത്താണ് ഖമറുദ്ദീന്റെ വീട്. പുഴയോരത്തെ മൈതാനത്തോട് ചേർന്നാണ് ഈ കടവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button