നിസാമുദ്ദീൻ എക്സ്പ്രസിൽ യാത്രക്കാരിയോട് ലൈംഗികാതിക്രമം: മദ്യ ലഹരിയിലായിരുന്ന ടിടിഇ അറസ്റ്റിൽ
ഷൊർണൂർ : നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിനിലെ റിസർവേഷൻ കോച്ചിൽ യാത്രക്കാരിയോടു ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ ടിടിഇയെ അറസ്റ്റ് ചെയ്തു. കൊല്ലം കടയ്ക്കൽ സ്വദേശി ഷിജുവിനെയാണു (47) ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.തിരുവനന്തപുരത്തു നിന്നു നിസാമുദ്ദീനിലേക്കു പോയ ട്രെയിനിൽ വെള്ളിയാഴ്ച ഉച്ചയ്ക്കു മൂന്നരയോടെയായിരുന്നു സംഭവം. റിസർവേഷൻ കോച്ചിൽ കയറിയ കണ്ണൂർ സ്വദേശികളായ ദമ്പതികൾ സീറ്റിനായി തൃശൂരിനും വള്ളത്തോൾ നഗറിനുമിടയിൽ വച്ചു ടിടിഇയെ സമീപിച്ചു. ഭർത്താവിനു സീറ്റ് നൽകിയ ശേഷം യുവതിക്കു മറ്റൊരിടത്ത് ഒഴിവുണ്ടായിരുന്ന സീറ്റ് നൽകാനായി കൊണ്ടുപോകുന്നതിനിടെ അതിക്രമം നടത്തിയെന്നാണു പരാതി. യുവതി ഉടൻ ഷൊർണൂർ റെയിൽവേ പൊലീസിനെ ഫോണിൽ വിവരം അറിയിക്കുകയും ട്രെയിൻ ഷൊർണൂരിൽ എത്തിയപ്പോൾ പൊലീസ് ടിടിഇയെ പിടികൂടുകയുമായിരുന്നു. പൊലീസിന്റെ പരിശോധനയിൽ, ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തി. പ്രതിയെ സസ്പെൻഡ് ചെയ്തതായി റെയിൽവേ അറിയിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.