ദേശീയപാത വികസനം വെളിയങ്കോട് കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി
വെളിയങ്കോട് : ദേശീയപാത വികസനത്തിന്റെ ഭാഗമായി വളാഞ്ചേരിമുതൽ കാപ്പിരിക്കാട് വരെയുള്ള റീച്ചിലെ തർക്കംനിലനിന്നിരുന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കിത്തുടങ്ങി. വെളിയങ്കോട് ഭാഗത്തെ കെട്ടിടങ്ങളാണ് നിലവിൽ പൊളിക്കുന്നത്. തർക്കമുള്ളതിനാൽ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ പൊലീസിന്റെ സഹായത്തോടെയാണ് കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത്. വെളിയങ്കോട് കിണർഭാഗത്ത് കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് വെളിയങ്കോട് സ്വദേശി ഷൈലോക് തടസം ഉന്നയിച്ചിരുന്നു. ഇദ്ദേഹത്തിന്റെ വീടിനുമുന്നിലെ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിക്കുന്നതിൽ എതിർപ്പ് ഉയർത്തിയതോടെയാണ് പൊലീസിന്റെ സഹായംതേടിയത്.
കെട്ടിടം പൊളിക്കുന്നതിൽ കോടതി വിലക്കില്ലാത്തവയാണ് നീക്കുന്നത്. വെളിയങ്കോട് 22 കെട്ടിടങ്ങളാണ് പൊളിക്കാനുള്ളത്. ഉമർഖാസി പള്ളിയുടെയും ചെറുപള്ളിയുടെയും കവാടങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങി. ഭൂമി ഏറ്റെടുത്ത ഭാഗത്തെ ഖബറുകൾ ഒരാഴ്ചക്കകം മാറ്റിസ്ഥാപിക്കുമെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. മാതൃകയായി അയ്യോട്ടിച്ചിറ പള്ളികമ്മിറ്റി പട്ടയവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിലും നിയമ നടപടികളിലേക്ക് കടക്കാതെ മതിലുകൾ പൊളിച്ച് മാതൃകയായി അയ്യോട്ടിച്ചിറ പള്ളി കമ്മിറ്റി. ദേശീയപാതക്കായി ഏറ്റെടുത്ത ഭൂമിയിലെ മതിലുകൾ പൊളിച്ചുനീക്കിയാണ് അതോറിറ്റിക്ക് കൈമാറിയത്.