ചാക്കരി കിട്ടാനില്ല; റേഷൻ കടകളിൽ മട്ടയും പച്ചരിയും മാത്രം
പൊന്നാനി : നവംബർ പിറന്നിട്ടും റേഷൻ കടകളിൽ ചാക്കരി ക്ഷാമം തീരുന്നില്ല. കണ്ണുനട്ട് കാത്തിരുന്നിട്ടും ഇന്നലെയും എത്തിയത് പച്ചരി. എന്ന് എത്തുമെന്നു പറയാൻ അധികൃതർക്ക് കഴിയുന്നില്ല. മഞ്ഞ, പിങ്ക് കാർഡുകാർക്കുള്ള പിഎംജികെവൈ അരി വാങ്ങാനുള്ള അവസാന ദിവസമായിരുന്ന ഇന്നലെ റേഷൻ കടകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ ഇ പോസ് യന്ത്രം പണിമുടക്കിയതു കാരണം പലർക്കും അരി ലഭിച്ചതുമില്ല.
ഒരു മാസമായി ജില്ലയിൽ ചാക്കരിക്ക് ക്ഷാമം നേരിടുകയാണ്. നീല, വെള്ള കാർഡുകാർക്കാണ് തീരെ ലഭിക്കാത്തത്. ഇവർ പച്ചരിയോ മട്ട അരിയോ വാങ്ങി തൃപ്തിപ്പെടേണ്ടി വരുന്നു. പിഎംജികെവൈ അരിയാകട്ടെ കഴിഞ്ഞ ദിവസങ്ങളിൽ മാത്രമാണ് ജില്ലയിലേക്ക് ലഭിച്ചത്. 2 ദിവസമാണ് വാങ്ങാൻ അവസരമുണ്ടായിരുന്നത്. ഇന്നലെയും ലോഡ് കണക്കിന് അരി റേഷൻ കടകളിൽ എത്തി.
പക്ഷേ, പലർക്കും വാങ്ങാൻ പറ്റാതെ പോയതോടെ തീയതി നീട്ടാൻ സർക്കാർ ഇടപെടുമെന്ന പ്രതീക്ഷയിലാണ് കാർഡ് ഉടമകളും റേഷൻ കടക്കാരും.1033 ലോഡ് അരിയാണ് പിഎംജികെവൈ വിഭാഗത്തിൽ വിതരണം ചെയ്യാനായി ജില്ലയ്ക്ക് അനുവദിച്ചത്. ഇതിൽ 98% കടകളിൽ എത്തിച്ചതായാണ് അധികൃതർ പറയുന്നത്.