തൃത്താല സുസ്ഥിര വികസന പദ്ധതി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്വത്തോടെ സമയബന്ധിതമായി നടപ്പാക്കണം;സ്പീക്കര്‍ എം.ബി രാജേഷ്
പാലക്കാട്: തൃത്താല സുസ്ഥിര വികസന പദ്ധതി മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുഖ്യ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കി സമയബന്ധിതമായി നടപ്പാക്കണമെന്ന് നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ സമയബന്ധിതമായി ഇടപെടണം. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ മൃണ്മയി ജോഷിയുടെ അധ്യക്ഷതയില്‍ നടന്ന സുസ്ഥിര വികസന തൃത്താല പദ്ധതിയുടെ ഭാഗമായി ജില്ലാതല ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു സ്പീക്കര്‍. നിയോജക മണ്ഡലത്തിലെ സുസ്ഥിര വികസനത്തിന് വിവിധ വകുപ്പുകളുടെ സംയോജന സാധ്യതകളും ഏകോപനവും ഉറപ്പുവരുത്തിയാവും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയെന്ന് സ്പീക്കര്‍ വിശദീകരിച്ചു. ദീര്‍ഘകാല വികസനത്തിന് സഹായകരമായ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ തയ്യാറാക്കിയ പത്തിന കര്‍മ്മ പരിപാടിയുടെ കരട് ജില്ലാതല ഉദ്യോഗസ്ഥരും നാറ്റ്പാക്, സി.ഡബ്ല്യൂ.ആര്.ഡി.എം, ഡി.റ്റി.പി.സി, ഐ.ആര്.ടി.സി, കെ.എഫ്.ആര്.ഐ, കേരള ജൈവ വൈവിധ്യ ബോര്‍ഡ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുത്ത അവലോകന യോഗത്തില്‍ ഭൂവിനിയോഗ ബോര്‍ഡ് കമ്മീഷണര്‍ എ. നിസാമുദ്ദീന്‍ അവതരിപ്പിച്ചു.
തൃത്താലയുടെ സമഗ്ര വികസനത്തിന് മണ്ഡലത്തിലെ എല്ലാ വാര്‍ഡുകളിലും പ്രത്യേക ഗ്രാമസഭകള്‍ സംഘടിപ്പിക്കുക, മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സുസ്ഥിര വികസന ക്ലബ്ബുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുക, കൃത്രിമ ജലപോഷണം-കിണര്‍ റീചാര്‍ജിങ്, ജനകീയ മഴക്കൊയ്ത്ത് ക്യാമ്പയിന്, ഒരു ലക്ഷം ഫലവൃക്ഷങ്ങളുടെ നടീല്‍, പഞ്ചായത്തില്‍ ഒരു മാതൃകാ ചെറുനീര്‍ത്തടം വികസിപ്പിക്കല്‍, പഞ്ചായത്തില്‍ ഹരിത വാര്‍ഡുകള്‍, പച്ചത്തുരുത്തുകളുടെയും കാവുകളുടെയും സംരക്ഷണം, മാലിന്യമുക്ത തൃത്താല,ഹരിത സ്ഥാപനങ്ങളും ഹരിത ഭവനങ്ങളും എന്നീ പത്തിന പരിപാടികള്‍ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു.
സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം ഫലവൃക്ഷതൈകള്‍ വെച്ചുപിടിപ്പിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ നേതൃത്വത്തില്‍ 53000 വൃക്ഷത്തൈകള്‍ നട്ടു. 2022 ഒക്ടോബര്‍ രണ്ടോടെ ഒരു ലക്ഷം ഫലവൃക്ഷതൈകള്‍ വെച്ചുപിടിപ്പിക്കുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി അറിയിച്ചു. തരിശുഭൂമികള്‍ കൃഷി യോഗ്യമാക്കുന്നതിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ 850 ഹെക്ടര്‍ കൃഷി ചെയ്യാന്‍ സാധിച്ചതിനെ സ്പീക്കര്‍ അഭിനന്ദിച്ചു. സുസ്ഥിര വികസന പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ജലവിഭവ-മണ്ണ് സംരക്ഷണം, കൃഷി, പരിസ്ഥിതി പുനഃസ്ഥാപനം, ടൂറിസം-പശ്ചാത്തല വികസനം, ശുചിത്വ മാലിന്യ സംസ്കരണം, ബോധവത്ക്കരണ പ്രവര്‍ത്തനം എന്നീ ഉപസമിതികള്‍ രൂപീകരിച്ചു. ജില്ലാ കലക്ടര്‍ ചെയര്‍പേഴ്സണും, നവകേരളം കര്‍മ്മ പദ്ധതി-2 ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കണ്‍വീനറും, ആറ് സാങ്കേതിക ഉപസമിതി ചെയര്മാന്മാര് അംഗങ്ങളുമായ സാങ്കേതിക സമിതി പ്രവര്‍ത്തിക്കും.
കലക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ നവകേരളം കര്‍മ്മ പദ്ധതി 2 ജില്ലാകോ-ഓര്‍ഡിനേറ്റര്‍ വൈ. കല്ല്യാണകൃഷ്ണന്‍, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.