ഇ ഡി റെയ്ഡിനിടെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി
പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെയാണ് സംഭവം. ബെംഗളൂരുവിലെ അശോക് നഗറിലെ റിച്ച്മണ്ട് സർക്കിളിലെ ഓഫീസില്‍വെച്ച് സ്വയം വെടിയുതിർത്തുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
ഇന്നലെയും ഇന്നുമായി ഇദ്ദേഹത്തിൻറെ സ്ഥാപനങ്ങളിൽ നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇ ഡി റൈഡ് നടന്നുകൊണ്ടിരിക്കുകയാണ്.
ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു ഇതിലുള്ള മാനസിക വിഷമം മൂലമാണ് സ്വയം വെടിവെച്ച് മരിച്ചത് എന്നാണ് അറിയുന്നത്.
ഓഫീസ് വളപ്പിനുള്ളിൽ വെടിയൊച്ച കേട്ട് എത്തിയ ജീവനക്കാരാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന അദ്ദേഹത്തെ കണ്ടത്. ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹൃദയാലയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവസ്ഥലത്തെത്തിയ ബെംഗളൂരു സിറ്റി പൊലീസ് കൂടുതൽ നടപടികൾ സ്വീകരിച്ചു. അദ്ദേഹം ഉപയോഗിച്ചിരുന്ന തോക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. ബിസിനസ് സമ്മർദ്ദങ്ങളാണോ അതോ മറ്റ് വ്യക്തിപരമായ കാരണങ്ങളാണോ സംഭവത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.