ഡീസല്‍ വില നൂറിലേക്ക്; ഇന്ധനവില ഇന്നും കൂട്ടി
തിരുവനന്തപുരം: രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും പെട്രോള്‍ – ഡീസല്‍ വില കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍വില ലിറ്ററിന് 102 രൂപ 45 പൈസ ആയി. ഡീസലിന് 95 രൂപ 53 പൈസയാണ് കൊച്ചിയില്‍ ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 104 രൂപ 38 പൈസയായും ഡീസല്‍ വില 97 രൂപ 45 പൈസയായും വര്‍ദ്ധിച്ചു. കോഴിക്കോട് 102 രൂപ 59 പൈസയും ഡീസലിന് 97 രൂപ 75 പൈസയുമാണ് പുതിയ വില.
ഇന്നലെ ഡീസല്‍ ലിറ്ററിന് 31 പൈസയും പെട്രോള്‍ ലിറ്ററിന് 25 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോള്‍ വില 104 രൂപ 13 പൈസയും ഡീസല്‍ വില 97 രൂപയുമായിരുന്നു ഇന്നലെ.
പത്തൊമ്പത് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമായിരുന്നു വെള്ളിയാഴ്ച്ച ഡീസല്‍ വില വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് (ഐ ഒ സി), ഭാരത് പെട്രോളിയം കോര്പ്പറേഷന് (ബി പി സി എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് (എച്ച് പി സി എല്‍) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നിട്ടും സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല. സെപ്റ്റംബര്‍ 24 മുതല്‍ നാലുതവണയായി ഡീസലിന് 95 പൈസയാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.