അനധികൃത സ്വത്ത് സമ്പാദനമെന്ന പരാതിയില്‍ കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് ശുപാര്‍ശ.
അനധികൃത സ്വത്ത് സമ്പാദന പരാതിയെ തുടര്‍ന്ന് കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് ശുപാര്‍ശ. സുധാകരന്റെ മുന്‍ ഡ്രൈവറുടെ പരാതിയില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. വിശദമായ അന്വേഷണത്തിന് അനുമതി തേടി സര്‍ക്കാരിന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്നാണ് വിജിലന്‍സ് നിലപാട്. കേസെടുത്ത് അന്വേഷണത്തിന് നിയമതടസമുണ്ടോ എന്നറിയാന്‍ വിജിലന്‍സ് നിയമോപദേശം തേടി.
കെ കരുണാകരന്‍ ട്രസറ്റിന്റെ പേരിലുള്ള അനധികൃത പണപ്പിരിവിലും സ്വത്ത് സമ്പാദനത്തിലും പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയാണ് വിജിലന്‍സ് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കെ സുധാകരന്‍ എംപി ആയതുകൊണ്ട് തന്നെ കേസ് രജിസ്റ്റര്‍ അന്വേഷണത്തിന് നിയമതടസമുണ്ടോ എന്നറിയാന്‍ വിജിലന്‍സ് നിയമോപദേശം തേടിയിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം കോഴിക്കോട് വിജിലന്‍സ് എസ്പിയുടെ നേതൃത്തിലാണ് അന്വേഷണം.
അതേസമയം, വനം മന്ത്രിയായിരിക്കെ കെ സുധാകരന്‍ വ്യാപക അഴിമതി നടത്തിയെന്ന് കെ.സുധാകെന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു ആരോപിച്ചു. മറയൂരില്‍ നേരിട്ടെത്തി മറ്റൊരു കേസില്‍ പിടിച്ച ചന്ദനതൈലം കടത്തികൊണ്ടു പോയെന്നും ഇതില്‍ അന്വേഷണം ഉണ്ടായില്ലെന്നും പ്രശാന്ത് ബാബു പറയുന്നു. 32 കോടിയില്‍ 16 കോടി മാത്രമാണ് ചെലവാക്കിയത്. ബാക്കി സുധാകരന്‍ അനധികൃതമായി ചെലവാക്കി. അനധികൃത സമ്പാദ്യം മുഴുവന്‍ ചെന്നൈയിലെ ചിട്ടിയില്‍ നിക്ഷേപിച്ചുവെന്നും പ്രശാന്ത് ബാബു ആരോപിക്കുന്നുണ്ട്.
അതേസമയം തനിക്കെതിരായ ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും, അന്വേഷണം പൂര്‍ത്തിയാക്കി ജനങ്ങളോട് വസ്തുതാപരമായ കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് തന്റെ കൂടെ ആവശ്യമാണെന്നും കെ സുധാകരന്‍ പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദന പരാതിയെ തുടര്‍ന്ന് കെ സുധാകരനെതിരായ അന്വേഷണം രാഷ്ട്രീയ വിരോധം തീര്‍ക്കാനാണെങ്കില്‍ നേരിടുമെന്നും. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. ബ്രണ്ണന്‍ കോളജ് വിവാദത്തിന്റെ തുടര്‍ച്ചയായാണ് അന്വേഷണമെന്നും ഏത് അന്വേഷണത്തെയും അതിജീവിക്കുമെന്ന് കെ മുരളീധരന്‍ എം പിയും പ്രതികരിച്ചു.