പൊന്നാനിയിൽ ഒരു അങ്കണവാടിക്കുകൂടി : സ്വന്തം കെട്ടിടമുയരുന്നു
പൊന്നാനി: പതിറ്റാണ്ടുകളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് സ്വന്തം കെട്ടിടമുയരുന്നു. നഗരസഭയിലെ 49-ാം വാർഡിൽ പ്രവർത്തിക്കുന്ന 25-ാം നമ്പർ അങ്കണവാടിക്കാണ് പുതിയ കെട്ടിടമുയരുന്നത്. കട്ടിളവെപ്പ് കർമം നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു.
കെ.ബി.എസ്. ഫാമിലി സൗജന്യമായി വിട്ടുനൽകിയ ഭൂമിയിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. വിവിധ വാടകക്കെട്ടിടങ്ങളിൽ മാറിമാറിയാണ് അങ്കണവാടി പ്രവർത്തിച്ചിരുന്നത്. സൗജന്യമായി ഭൂമി ലഭിച്ചതോടെ സ്വന്തമായി കെട്ടിടം എന്ന സ്വപ്‌നമാണ് ഇതോടെ പൂവണിയുന്നത്.
രണ്ടുനിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള അങ്കണവാടിക്കെട്ടിടമാണ് നിർമിക്കുന്നത്.
ബിനോയ് വിശ്വം എം.പി.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 20 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കട്ടിളവെപ്പ് കർമത്തിൽ സ്ഥിരംസമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, വാർഡ് കൗൺസിലർ അജീന ജബ്ബാർ, എ.കെ. ജബ്ബാർ, ഷഹല നിസാർ, എവറസ്റ്റ് ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു.