PONNANI

ജീവനക്കാരുടെ കുറവും വാഹനങ്ങളുമില്ലാതെ പൊന്നാനി അഗ്നിരക്ഷാസേന

പൊന്നാനി: ഓഫീസിലെ ഫോൺ ബെല്ലടിക്കുമ്പോൾ പൊന്നാനിയിലെ അഗ്നിരക്ഷാസേനയ്ക്ക് ഉള്ളിൽ തീയാണ്. വലിയ ദുരന്തവാർത്തയാകരുതേ എന്ന പ്രാർഥനയിലാണ് ഓരോ ഫോൺ കോളും അറ്റൻഡ് ചെയ്യുന്നത്. ഓടിയെത്താൻ നല്ല വാഹനങ്ങളോ ജീവനക്കാരോ ഇല്ലാത്തതിന്റെ ആധിയിലാണ് ഇവിടെയുള്ളവർ.
കൂട്ടസ്ഥലംമാറ്റം ഇരുപതോളം ജീവനക്കാരുടെ കുറവാണ് പൊന്നാനിയിലെ അഗ്നിരക്ഷാസേനയിലുണ്ടാക്കിയത്. സ്ഥലംമാറിപ്പോയവർക്ക് പകരം ജീവനക്കാരെ നിയമിക്കാത്തതാണ് പ്രതിസന്ധിയുണ്ടാക്കിയത്. ജീവനക്കാർ കുറവുള്ള ഇടങ്ങളിലേക്ക് വർക്കിങ് അറേഞ്ച്‌മെന്റിൽ ജീവനക്കാരെ നിയമിക്കാറുണ്ടെങ്കിലും പൊന്നാനിയിൽ അതുമുണ്ടായില്ല.

ജില്ലയിൽത്തന്നെ ഏറ്റവുംകൂടുതൽ സേവനപരിധിയുള്ള ഫയർ സ്റ്റേഷനാണ് പൊന്നാനിയിലേത്. കാലപ്പഴക്കംചെന്ന ഏതാനും വാഹനങ്ങളുമായാണ് ഉള്ള ജീവനക്കാർ എല്ലായിടത്തേക്കും ഓടിയെത്തുന്നത്. കുറ്റിപ്പുറം പാലം മുതൽ തൃശ്ശൂർ ജില്ലാതിർത്തിയായ കോലിക്കര വരെയും പാലക്കാട് ജില്ലാതിർത്തിയായ നീലിയാട് വരെയും ചാവക്കാട് മന്ദലാംകുന്ന് വരെയുമാണ് ഈ ഓഫീസിന്റെ പരിധി.

42 ജീവനക്കാരുടെ തസ്തികയുള്ളതിൽ പലതും ഇപ്പോൾ ഒഴിഞ്ഞുകിടക്കുകയാണ്. സ്റ്റേഷൻ ഓഫീസറും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറും ഉണ്ട്. നാല് സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാർ വേണ്ടിടത്ത് മൂന്ന് പേരാണുള്ളത്. ദുരന്തസ്ഥലങ്ങളിലെത്തി രക്ഷാപ്രവർത്തനം നടത്തേണ്ട ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാർ വിരലിലെണ്ണാവുന്നതേ ഇവിടെയുള്ളൂ. 24 ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാർ വേണ്ടിടത്ത് എട്ടുപേർ മാത്രമാണ് ഉള്ളത്. ഇതിൽ രണ്ടുപേർ അവധിയിലാണ്.

മുൻപ് ഒൻപത് ഡ്രൈവർ തസ്തികയുണ്ടായിരുന്നെങ്കിലും പിന്നീടത് ഏഴാക്കി ചുരുക്കി. ഇതിൽതന്നെ പലരും സ്ഥലം മാറിപ്പോയതോടെ നിലവിൽ നാല് ഡ്രൈവർമാർ മാത്രമാണ് ഉള്ളത്. അഗ്‌നിരക്ഷാ സേനയ്ക്ക് സഹായിയായി പ്രവർത്തിക്കുന്ന ഹോംഗാർഡുമാരുടെ എണ്ണവും ഇവിടെ കുറവാണ്. നാല് പേരാണ് ഇപ്പോഴുള്ളത്.

കാലപ്പഴക്കമുള്ള വാഹനങ്ങളാണ് സ്വന്തമായിട്ടുള്ളത്. രണ്ട് വലിയ വാഹനങ്ങളുള്ളത് 2004-ലും 2014-ലും അനുവദിച്ചതാണ്. ഇതിൽ ഒന്നുമാത്രമാണ് ശരിയായി ഉപയോഗിക്കാൻ കഴിയുന്നത്. എമർജൻസി റസ്‌ക്യൂ വെഹിക്കിളില്ലാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button