ജിന്ന് മഹർ’ കേന്ദ്രം പൂട്ടിച്ച് ജനങ്ങൾ
മലപ്പുറം ജില്ലയിലെ തിരുനാവായ കൊടയ്ക്കലിൽ ‘ജിന്ന് മന്ത്രിച്ച പഴം’ അല്ലെങ്കിൽ ‘ജിന്ന് മഹർ’ എന്ന പേരിൽ നടന്ന വൻ സാമ്പത്തിക തട്ടിപ്പിനെതിരെ ജനങ്ങൾ രംഗത്ത്. കൊടയ്ക്കലിൽ അബു അലവി എന്നയാളുടെ മജ്ലിസിലാണ് ഈ തട്ടിപ്പ് നടന്നത്. ‘ജിന്ന് മന്ത്രിച്ച ഏത്തപ്പഴം’ കഴിച്ചാൽ ഉടൻ തന്നെ അത്ഭുതങ്ങൾ കാണാൻ സാധിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഈ വ്യാജ ഏത്തപ്പഴം ആളുകൾക്ക് മുന്നിൽ വെച്ച് ലേലം വിളിക്കുകയായിരുന്നു.
1000 രൂപയിൽ തുടങ്ങിയ ലേലം വിളി ഒടുവിൽ 2500 രൂപയ്ക്കാണ് ഒരാൾക്ക് വിറ്റത്. പഴം വാങ്ങി കഴിക്കുമ്പോള്‍ തന്നെ അത്ഭുതം കാണാന്‍ സാധിക്കും എന്നായിരുന്നു തട്ടിപ്പ് കേന്ദ്രം നടത്തുന്നയാളുടെ വാഗ്ദാനം. ലേലം വിളിയുടെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ജിന്ന് എന്ന പേരിൽ ഒരാൾ മൂടിപ്പുതച്ച് ഇരിക്കുന്നതും ഇതിൽ കാണാം.പലയിടങ്ങളിലും ഇത്തരം തട്ടിപ്പ് നടത്തി അവിടെ നിന്നും ആളുകൾ ആട്ടിയോടിച്ചതാണ് ഈ ചികിത്സ നടത്തുന്ന വ്യക്തിയെന്നാണ് അറിയുന്നത്.ഈ അന്ധവിശ്വാസവും തട്ടിപ്പും ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ കൂട്ടത്തോടെ രംഗത്തിറങ്ങി ഇടപെടുകയും ഈ തട്ടിപ്പ് കേന്ദ്രം അടപ്പിക്കുകയും ചെയ്തു.