KERALA

ഭക്ഷ്യ വിഷബാധക്ക് കാരണം ഷിഗെല്ല എല്ലാവരും ജാഗ്രത പാലിക്കണം; ജില്ല മെഡിക്കൽ ഓഫിസർ

കാസർകോട്: ചെറുവത്തൂരിൽ ഉണ്ടായ ഭക്ഷ്യ വിഷബാധക്ക് കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. രാംദാസ് എ.വി. അറിയിച്ചു.

എന്താണ് ഷിഗെല്ല

ഷിഗെല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് രോഗാണുബാധക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തി‍െൻറ പ്രധാന ലക്ഷണം. എന്നാൽ, ഇതു സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്. മലിനമായ ജലം, കേടായ ഭക്ഷണം എന്നിവ ഉപയോഗിക്കുക, പഴങ്ങൾ പച്ചക്കറികൾ എന്നിവ കഴുകാതെ ഉപയോഗിക്കുക, ഷിഗെല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക, രോഗ ബാധിതരായവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെയാണ് രോഗം പകരുന്നത്.

രോഗലക്ഷണങ്ങള്‍ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസ്സിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷികുറഞ്ഞവരിലും മരണസാധ്യത കൂടുതലാണ്. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ ഷിഗെല്ല രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും.

രോഗലക്ഷണങ്ങൾ

വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് ഷിഗെല്ല രോഗ ലക്ഷണങ്ങള്‍. ഷിഗെല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നുവെന്നതിനാൽ വയറിളക്കമുണ്ടാവുമ്പോൾ രക്തവും പുറംതള്ളപ്പെടാം. രണ്ടു മുതല്‍ ഏഴു ദിവസം വരെ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചില കേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യും.

മുൻകരുതലുകൾ

പനി, രക്തംകലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായംതേടണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിനുശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. വ്യക്തിശുചിത്വം പാലിക്കുക. തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക. കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ വിധം സംസ്‌കരിക്കുക. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകം ചെയ്യാതിരിക്കുക. പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.

ഭക്ഷണ പദാർഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക. ഭക്ഷണ പാകം ചെയ്യുന്ന സ്ഥലങ്ങളിൽ ഈച്ചശല്യം ഒഴിവാക്കുക, ഭക്ഷണം പാകംചെയ്യുന്ന സ്ഥലങ്ങൾ വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം . ഭക്ഷണം പാകം ചെയ്ത് പലതവണ ചൂടാക്കി കഴിക്കുന്ന രീതി ഉപേക്ഷിക്കുക. വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടാൻ അനുവദിക്കാതിരിക്കുക. വയറിളക്കമുള്ള ചെറിയ കുട്ടികളുടെ മലം ശരിയായ രീതിയിൽ നിർമാർജ്ജനം ചെയ്യുക.

കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇടപഴകാതിരിക്കുക. രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക. രോഗ ലക്ഷണമുള്ളവര്‍ ഒ.ആര്‍.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ കഴിക്കുക. കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button