ചാലിശ്ശേരി

ചാലിശേരിയെ സംഗീതസാന്ദ്രമാക്കി ഗംഗാതരംഗം; വയലിൻ തന്ത്രികളിൽ വിരിഞ്ഞത് വിസ്മയം

ചാലിശേരി: ദേശീയ സരസ് മേളയുടെ സാംസ്‌കാരിക വേദിയിൽ സംഗീതത്തിന്റെ മാന്ത്രികത പെയ്തിറങ്ങി. മലപ്പുറം അയിരൂർ സ്വദേശിനി ഗംഗാ ശശിധരന്റെ ‘ഗംഗാതരംഗം’ വയലിൻ ഫ്യൂഷൻ കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

ശങ്കർ മഹാദേവന്റെ പ്രശസ്തമായ ‘ഏകദന്തായ വക്രതുണ്ടായ…’ എന്ന ഗണപതി സ്തുതിയോടെയായിരുന്നു കച്ചേരിയുടെ തുടക്കം. വയലിനിൽ ഈ കീർത്തനം വിരിഞ്ഞതോടെ തന്നെ സദസ്സ് കൈയടികളാൽ നിറഞ്ഞു. തുടർന്ന് ശാസ്ത്രീയ സംഗീതത്തിലെ അതിമനോഹരമായ ‘അലൈപായുതെ കണ്ണാ’ എന്ന കൃതിയുടെ ആവിഷ്കാരം കാണികളെ മറ്റൊരു അനുഭൂതി തലത്തിലേക്ക് എത്തിച്ചു. മലയാളം, ഹിന്ദി ഗാനങ്ങളും വയലിന് തന്ത്രികളിൽ വിരിയിച്ചു.

തവിലിൽ തൃപ്പുണിത്തുറ ശ്രീകുമാറും ഘടത്തിൽ മഞ്ഞൂർ ഉണ്ണികൃഷ്ണനും ചേർന്നൊരുക്കിയ താളലയങ്ങൾ വയലിൻ നാദത്തിന് കരുത്തേകി. പാശ്ചാത്യ സംഗീതത്തിന്റെ അകമ്പടിയുമായി വിജയകുമാർ ഡ്രം പാഡിലും സുനിൽ ലാൽ ചേർത്തല കീബോർഡിലും ഗംഗയ്ക്ക് പിന്തുണ നൽകി.
ദേശീയ സരസ് മേളയുടെ സാംസ്‌കാരിക പരിപാടികളിലെ ഏറ്റവും ജനപങ്കാളിത്തമുള്ള ഒന്നായി ‘ഗംഗാതരംഗം’ മാറി. സംഗീതത്തിന്റെ വൈവിധ്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഫ്യൂഷൻ കച്ചേരി പ്രായഭേദമന്യേ ഏവരും ഏറ്റെടുത്തു.

ഒന്നരമണിക്കൂറോളം സരസ് വേദിയെ സംഗീത സാന്ദ്രമാക്കിയ വിസ്മയ പ്രകടനത്തിനൊടുവിൽ, ജനസാഗരത്തെ സാക്ഷിയാക്കി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഗംഗാ ശശിധരനെ സ്നേഹോപഹാരം നൽകി ആദരിച്ചു. നാലാം വയസ്സു മുതൽ വയലിൻ ലോകത്ത് സജീവമായ ഗംഗ, വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ നിരവധി വേദികളിൽ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button