BREAKING NEWSLATEST NEWSMALAPPURAMPUBLIC INFORMATIONUPDATES

ചാറ്റൽമഴയെ തോൽപ്പിച്ച ആവേശം; നബിദിന പ്രഘോഷണങ്ങളാൽ മുഖരിതമായി മലപ്പുറം ജില്ല; ഉത്രാടവും നബിദിനവും ഒന്നിച്ചെത്തിയ സന്തോഷത്തിൽ നാട്

പെയ്തുതോരാത്ത ചാറ്റൽമഴയെ ആവേശം കൊണ്ട് മറികടന്ന് മലപ്പുറം ജില്ലയിലുടനീളം പ്രവാചകന്റെ 1501-ാം ജന്മദിനാഘോഷങ്ങൾ ഭക്തിനിർഭരമായി പുരോഗമിക്കുന്നു. മഴ കനത്തുനിന്നിട്ടും അത് വകവെക്കാതെ കൊച്ചുകൂട്ടുകാരും മുതിർന്നവരും പ്രവാചക പ്രകീർത്തനങ്ങൾ പാടി റാലികളിൽ അണിനിരന്നതോടെ ഗ്രാമാന്തരങ്ങൾ പ്രവാചക സ്മരണകളാൽ നിറഞ്ഞുകവിഞ്ഞു.രാവിലെ പള്ളികൾ കേന്ദ്രീകരിച്ച് നടന്ന മൗലിദ് പാരായണത്തിനും പ്രത്യേക പ്രാർത്ഥനാ സദസ്സുകൾക്കും ശേഷമാണ് തെരുവുകളിൽ വർണ്ണാഭമായ റാലികൾ ആരംഭിച്ചത്. സ്കൗട്ട് അംഗങ്ങളുടെ അച്ചടക്കമുള്ള മാർച്ച് പാസ്റ്റും, ദഫ്-അറബന മുട്ട് കലാസംഘങ്ങളുടെ പ്രകടനങ്ങളും റാലികൾക്ക് മാറ്റ് കൂട്ടി. മദ്രസകൾ കേന്ദ്രീകരിച്ച് അന്നദാനവും കുട്ടികളുടെ കലാപരിപാടികളും വിപുലമായിത്തന്നെ ഒരുക്കിയിട്ടുണ്ട്. ഇത്തവണ ഒന്നാം ഓണമായ ഉത്രാടദിനവും നബിദിനവും ഒന്നിച്ചെത്തിയതോടെ സാഹോദര്യത്തിന്റെയും ആഘോഷത്തിന്റെയും ഇരട്ടി മധുരത്തിലാണ് മലപ്പുറത്തുകാർ.അതേസമയം,മഴയെത്തുടർന്ന് മിക്കയിടങ്ങളിലും രാവിലത്തെ ഘോഷയാത്രകൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. ജില്ലയിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് മലപ്പുറം ഉൾപ്പെടെ 9 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ തിരുവോണ നാളിലും ജില്ലയിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ടെങ്കിലും മഴയെ തോൽപ്പിക്കുന്ന ആവേശത്തിലാണ് നാടൊട്ടാകെ ആഘോഷങ്ങൾ മുന്നേറുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button