ചങ്ങരംകുളം 33 കെ.വി. സബ്സ്റ്റേഷൻ നിർമാണത്തിന് തുടക്കമായി
ചങ്ങരംകുളം: മലപ്പുറം ജില്ലയിലെ ആലങ്കോട്, പെരുമ്പടപ്പ്, നന്നംമുക്ക് ഗ്രാമപഞ്ചായത്തുകളിലെ വൈദ്യുതി വിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ചങ്ങരംകുളത്ത് 33 കെ.വി. സബ്സ്റ്റേഷൻ നിർമാണത്തിന് തുടക്കമായി.
പന്താവൂർ വി.വി.കെ. കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പൊന്നാനി എം.എൽ.എ. കെ.പി. നൗഷാദലി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.സംസ്ഥാനത്തെ വൈദ്യുതി പ്രസരണ-വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനുമായി സംസ്ഥാന സർക്കാരും കെ.എസ്.ഇ.ബി.യും സംയുക്തമായി നടപ്പാക്കുന്ന വികസന പദ്ധതികളുടെ ഭാഗമായാണ് സബ്സ്റ്റേഷൻ നിർമിക്കുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഈ പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിനും പതിവായുള്ള വൈദ്യുതി തടസ്സങ്ങൾക്കും പരിഹാരമാകുമെന്നാണ് പ്രതീക്ഷ എന്ന് എം.എൽ.എ പറഞ്ഞു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ജനറേഷൻ എം.പി. രാജൻ സ്വാഗതം ആശംസിച്ചു.
തിരൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ വി.എ. മനോജ് പദ്ധതി വിശദീകരണവും റിപ്പോർട്ട് അവതരണവും നടത്തി.ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാർ കെ., ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷൻ അംഗം അഷ്ഹർ പെരുമുക്ക്, ആലങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സജ്ന ഫിറോസ്, അശ്വതി സന്തോഷ്, ആലങ്കോട് ഗ്രാമപഞ്ചായത്ത് അംഗം അബൂബക്കർ സിദ്ദീഖ് കെ.വി. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ടി. അബ്ദുൽ ഖാദർ (കോൺഗ്രസ്), പി.പി. യൂസഫലി (മുസ്ലിം ലീഗ്), കെ. ശിവദാസൻ (ബി.ജെ.പി.), ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. സിദ്ദീഖ് പന്താവൂർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി പി.പി. ഖാലിദ് എന്നിവരും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.പൊന്നാനി ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ദീപിക ഡി.ടി. നന്ദി പറഞ്ഞു.