KERALA


ചിറ്റപ്പുറം പാചകവാതക അപകടം; യുവതിയുടെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ വീട്ടുടമയും നാട്ടുകാരും

തൃത്താല : പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിനുള്ളിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ  വീട്ടമ്മക്കുണ്ടായ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ വീട്ടുടമയും നാട്ടുകാരും

ഗുരുതരമായി പൊള്ളലേറ്റ ആമയിൽ അബ്ദുസമദിന്റെ ഭാര്യ ഷെറീനയാണ് (37) മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.പരിക്കേറ്റ വീട്ടുടമ അബ്ദുൽ സമദ്, മകൻ സെബിൻ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്
 
ചിറ്റപ്പുറത്ത് ഗ്യാസ് ഏജൻസി ജീവനക്കാരന്റെ വീട്ടിൽ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെക്കുറിച്ച് പറയുമ്പോൾ, അധ്യാപകനും വീട്ടുടമയുമായ റിയാസിന്റെ വാക്കുകളിൽ ഞെട്ടൽ. റിയാസിന്റെ വീട്ടിലാണ് അബ്ദുൾ സമദും കുടുംബവും കഴിഞ്ഞ നാലുവർഷമായി വാടകയ്ക്ക് താമസിച്ചിരുന്നത്.

അവധി ദിവസമായതിനാൽ പത്രം വായിച്ച് കിടക്കുകയായിരുന്നു. പെട്ടെന്നാണ് വലിയൊരുശബ്ദവും കൂട്ടക്കരച്ചിലും കേട്ടത്. വീട്ടുകാരോടൊപ്പം പുറത്തിറങ്ങിയപ്പോൾ അബ്ദുൾ സമദിൻ്റെ വീട്ടിൽനിന്നാണ് കരച്ചിലെന്ന് മനസ്സിലായി. തീയും പുകയും ഉയരുന്നതാണ് പിന്നീടുകണ്ടത്.’ എന്ന് റിയാസ് പറഞ്ഞു.

പൊട്ടിത്തെറിയിൽ വീടിന്റെ ഭിത്തികളിലും മറ്റും വിള്ളലുകളുണ്ടായിരുന്നു. സാധനങ്ങളെല്ലാം അഗ്നിക്കിരയായി.
അപകടം പ്രദേശവാസികളിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.നാട്ടുകാരും അഗ്നിരക്ഷാസേനാ അധികൃതരുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

വീടിനകത്ത് നാലിലധികം ഗ്യാസ് സിലിൻഡറുകൾ ഉണ്ടായിരുന്നു. ഇവയിലേക്ക് തീപടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.

അബ്ദുൾസമദ് തൃത്താല ഗ്യാസ് ഏജൻസിയിലെ ജീവനക്കാരനാണ്.
അനധികൃതമായ ഗ്യാസ് ഫിലിംഗ് നടത്തിയിരുന്നതായും നാട്ടുകാർ പറയുന്നു.ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.തൃത്താല പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button