ബേബി പൗഡറുകൾക്ക് നിലവാരമില്ല; ജോൺസൺ ആൻഡ് ജോൺസൺ പ്ലാന്റിന്റെ ലൈസൻസ് റദ്ദാക്കി
ജോൺസൺ ആൻഡ് ജോൺസൺ പ്ലാന്റിന്റെ നിർമ്മാണ ലൈസൻസ് റദ്ദാക്കി മഹാരാഷ്ട്ര. ബേബി പൗഡറിന്റെ സാമ്പിളുകൾ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയതിനെ തുടർന്നാണ് താനെയിലെ മുളുന്ദിലുള്ള പ്ലാന്റ് ലൈസൻസ് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ റദ്ദാക്കിയത്.ജോൺസൺ ആൻഡ് ജോൺസന്റെ ബേബി പൗഡറുകളിലെ പിഎച്ച് മൂല്യം നിർബന്ധിത പരിധിക്ക് മുകളിലാണെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് ഉത്പന്നത്തിന്റെ നിർമാണവും വിതരണവും സർക്കാർ തടഞ്ഞു.മുതിർന്നവരുടെ ചർമ്മത്തിൽ നിന്ന് ഏറെ വ്യത്യാസമുള്ളതാണ് കുഞ്ഞിന്റെ ചർമ്മം. നവജാത ശിശുക്കളുടെ ചർമത്തിന് ന്യൂട്രലിനോടടുത്ത് പിഎച്ച് അൽപം ഉയർന്നായിരിക്കും. പിഎച്ച് 5.5 ഒഴികെയുള്ള ഏതൊരുമൂല്യവും കുഞ്ഞുങ്ങളുടെ സെൻസിറ്റീവ് ചർമ്മത്തെ ഗുരുതരമായി നശിപ്പിക്കും.1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം ജോൺസൺ ആൻഡ് ജോൺസന്റെ ലൈസൻസ് റദ്ദാക്കിയ സ്ഥാപനത്തിന് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകി. എന്നാൽ ഇതേ സ്ഥാപനം സർക്കാരിന്റെ കണ്ടെത്തലുകൾ അംഗീകരിക്കാതെ കോടതിയിൽ സർക്കാരിനെ വെല്ലുവിളിച്ചതായും ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ പറയുന്നു.