കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ നൽകി; 19കാരിയും നാല് സുഹൃത്തുക്കളും അറസ്റ്റിൽ
തിരൂർ: ആൺസുഹൃത്തിനെ ഒഴിവാക്കുന്നതിനായി സുഹൃത്തുക്കളുടെ സഹായത്തോടെ ആക്രമണത്തിന് ക്വട്ടേഷൻ നൽകിയ സംഭവത്തിൽ 19കാരിയും നാല് സുഹൃത്തുക്കളും അറസ്റ്റിൽ. പട്ടാമ്പി സ്വദേശിയായ യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിലാണ് യുവതിയടക്കമുള്ള അഞ്ചുപേരെ പൊലീസ് പിടികൂടിയത്.
കാമുകിയെ അന്വേഷിച്ച് കഴിഞ്ഞ ദിവസം തിരൂരിലെത്തിയ യുവാവിനെ യുവതിയെ കാണിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ കാറിൽ കയറ്റുകയായിരുന്നു. തുടർന്ന് വാഹനത്തിനുള്ളിൽവെച്ച് ഇയാളെ ക്രൂരമായി മർദിച്ചു. അർധരാത്രിയോടെയായിരുന്നു സംഭവം.മർദനത്തിനുശേഷം യുവാവിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങൾ കവർന്ന പ്രതികൾ പുഴയോരത്തോട് ചേർന്ന വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
കാമുകനെ ബോധപൂർവം ഒഴിവാക്കുന്നതിനായി യുവതി സുഹൃത്തുക്കളുടെ സഹായം തേടിയെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.പട്ടാമ്പി പനങ്ങാട് സ്വദേശിനി സഫാന (19), തിരൂർ നോർത്ത് അന്നാറ സ്വദേശികളായ നാദിയ (20), റബീബ (25), പറവണ്ണ സ്വദേശികളായ ഇർഷാദ് (28), അസ്റുദീൻ എന്നിവരാണ് അറസ്റ്റിലായത്.ഇർഷാദും അസ്റുദീനും നേരത്തെ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായി ജയിൽവാസം അനുഭവിച്ചവരാണെന്ന് പൊലീസ് അറിയിച്ചു.അറസ്റ്റിലായ പ്രതികളെ തിരൂർ കോടതി റിമാൻഡ് ചെയ്തു.