MALAPPURAM

എടവണ്ണയിൽ വൻ ആയുധവേട്ട; വീട്ടിൽ നിന്ന് കണ്ടെത്തിയ് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും 200ലധികം വെടിയുണ്ടകളും

എടവണ്ണ : എടവണ്ണയിൽ വൻ ആയുധവേട്ട. ഇരുപത് എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്സും വീട്ടിൽ നിന്നും കണ്ടെത്തി. എടവണ്ണയിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ ആയുധ ശേഖരം പിടിച്ചെടുത്തത്. വീട്ടുടമസ്ഥൻ ഉണ്ണിക്കമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് തോക്കുകൾ കൈവശംവെക്കാനുള്ള ലൈസൻസെ വീട്ടുടമയായ ഉണ്ണിക്കമ്മദിനുണ്ടായിരുന്നുള്ളൂ. എന്നാൽ അതിനേക്കാൾ കൂടുതൽ തോക്കുകളും തിരകളും ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇത്രയധികം ആയുധങ്ങൾ സൂക്ഷിക്കുന്നതിനുള്ള ലൈസൻസ് ഇയാൾക്കില്ലായിരുന്നു. ആയുധങ്ങൾ അനധികൃതമായി സൂക്ഷിച്ച് വിൽപന നടത്തുകയായിരുന്നു. ഇവ എവിടെ നിന്ന് എത്തിച്ചു എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.

വീടിന്റെ മുകൾ ഭാഗത്ത് നടത്തിയ ആദ്യഘട്ട പരിശോധനയിൽ ഒരു റൈഫിളും 40 തിരകളും ഒരു ഗണ്ണും കണ്ടെത്തിയിരുന്നു. പിന്നാലെ വീടിന്റെ താഴെ ഭാഗത്ത് ഷട്ടറിട്ട ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വൻ ആയുധ ശേഖരം കണ്ടെത്തിയത്. സംഭവത്തിൽ പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു.

ഉണ്ണിക്കമ്മദിൽനിന്ന് എയർ ഗൺ വാങ്ങിയ പാലക്കാട് സ്വദേശിയെ പാലക്കാട് വെച്ച് പൊലീസ് പിടികൂടിയിരുന്നു. ഇയാളിൽനിന്ന് കിട്ടിയ വിവരങ്ങൾ പാലക്കാട് പൊലീസ് എടവണ്ണ പൊലീസിന് കൈമാറുകയായിരുന്നു. എടവണ്ണ ഇൻസ്പെക്ടർ ബിനുവിന്റെ നേതൃത്വത്തിലാണ് എടവണ്ണയിലെ വീട്ടിൽ പരിശോധന നടത്തിയത്. കോടതിയിൽ ഹാജരാക്കിയ ഉടൻ തുടരന്വേഷണത്തിനായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എവിടെനിന്നാണ് ഇത്രയധികം ആയുധങ്ങൾ വാങ്ങിയതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button