കാലവർഷക്കെടുതി: മുന്നൊരുക്കങ്ങളുമായി പൊന്നാനി നഗരസഭ
പൊന്നാനി : കാലവർഷക്കെടുതി നേരിടാനുള്ള മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ അടിയന്തര നഗരസഭാതല ദുരന്തനിവാരണസമിതി യോഗം ചേർന്നു. ദുരന്തസാധ്യതയുള്ള തീരദേശമേഖലകൾ, ഭാരതപ്പുഴയോരം, വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സംയുക്ത പരിശോധന നടത്തും.
തഹസിൽദാർ, ജലവിഭവം, പൊതുമരാമത്ത് എൻജിനീയർമാർ, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തുക.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മറ്റ് അടിയന്തര ഇടപെടലുകൾ നടത്താനും നഗരസഭയിലും താലൂക്ക് ഓഫീസിലും കൺട്രോൾ റൂം തുടങ്ങും.
അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ജെ.സി.ബി, ഹിറ്റാച്ചി, ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ നൽകാൻ ജോയിന്റ് ആർ.ടി.ഒ.യ്ക്ക് നിർദേശം നൽകി. ദുരിതാശ്വാസക്യാമ്പുകൾ സജ്ജമാക്കുന്നതിന് തഹസിൽദാറെ ചുമതലപ്പെടുത്തി. വെള്ളക്കെട്ട്, അപകടകര സാഹചര്യത്തിൽ നിലനിൽക്കുന്ന മരങ്ങൾ എന്നിവ നീക്കംചെയ്യാനും വാർഡ്തല ദ്രുതപ്രതികരണസേന പ്രവർത്തനസജ്ജമാക്കാനും തീരുമാനിച്ചു.
നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം അധ്യക്ഷതവഹിച്ചു. ഉപാധ്യക്ഷ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരംസമിതി അധ്യക്ഷൻമാരായ രജീഷ് ഊപ്പാല, ഷീനാ സുദേശൻ, ഒ.ഒ. ഷംസു എന്നിവർ പങ്കെടുത്തു.
