ചമ്രവട്ടത്തെ ചോർച്ച അടയ്ക്കൽ നിർത്തി
പൊന്നാനി : തുടർച്ചയായി പെയ്ത മഴയെത്തുടർന്ന് ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ ചമ്രവട്ടം റെഗുലേറ്ററിന്റെ ചോർച്ച അടയ്ക്കുന്ന പണികൾ നിർത്തിവെച്ചു.
മഴക്കാലത്തിനുശേഷമേ പണി പുനരാരംഭിക്കാനാകൂ. അപ്രതീക്ഷിത മായി പെയ്ത വേനൽമഴയാണ് ഓട്ടയടയ്ക്കൽ ജോലികൾക്കു തിരിച്ചടിയായത്. വിദേശത്തുനിന്ന് ഇറക്കുമതിചെയ്ത ഷീറ്റുകൾ പൈലിങ് നടത്തിയാണ് ചോർച്ച അടയ്ക്കുന്നത്. 972 മീറ്റർ നീളത്തിലാണ് ഷീറ്റുകൾ അടിച്ചിറക്കേണ്ടത്. ഇതിൽ 612 ഷീറ്റുകളാണ് ഇതുവരെ പൈൽചെയ്ത് സ്ഥാപിച്ചിട്ടുള്ളത്.
ഷീറ്റ്പൈലിങ് നടത്തിയ ഭാഗത്ത് കോൺക്രീറ്റ് ജോലികൾ ബാക്കിയുണ്ട്. പാലത്തിനടിയിലൂടെ വെള്ളം ക്രമാതീതമായി ഒഴുകാൻ തുടങ്ങിയതോടെ കോൺക്രീറ്റ് ചെയ്യാൻ കഴിയാത്ത സ്ഥിതിയായി.
ഇതോടെ പണികളെല്ലാം നിർത്തിവെക്കുകയായിരുന്നു. ഇടവ പാതി എത്തുന്നതോടെ പുഴയിൽ ഇനിയും വെള്ളമുയരും. മഴ മാറുന്ന മുറയ്ക്ക് സെപ്റ്റംബർ, ഒക്ടോബർ മാസത്തിൽ പണികൾ വീണ്ടും ആരംഭിക്കാനാകുമെന്നാണ് കരാർ കമ്പനി അധികൃതർ പ്രതീക്ഷിക്കുന്നത്. 16 മാസത്തിനകം പൂർത്തിയാക്കണമെന്ന
വ്യവസ്ഥയിലാണ് കരാർ.
ഓഗസ്റ്റ് മാസത്തിൽ കരാർ കാലാവധി അവസാനിക്കുമെങ്കിലും പണികൾ വൈകി ആരംഭിച്ചതിനാൽ ഇവർക്കുതന്നെ കാലാവധി നീട്ടിനൽകാൻ ധാരണയായിട്ടുണ്ട്. റഗുലേറ്ററിലെ ചോർച്ച പരിഹരിക്കാൻ 32.06 കോടി രൂപയ്ക്കാണ് കരാർ നൽകിയത്. പണികൾ വീണ്ടും തുടങ്ങുമ്പോഴേയ്ക്ക് വിദേശത്തുനിന്ന് കൂടുതൽ ഷീറ്റുകൾ എത്തിക്കേണ്ടിവരും. അടിയിലൂടെ ഒഴുകുന്ന വെള്ളവും മണലും തടഞ്ഞുനിർത്തുക ഷീറ്റ് പൈലുകളാണ്.
നിലവിലുള്ള ഏപ്രൺ രണ്ടുമീറ്റർ താഴ്ത്തിയശേഷമാണ് ഷീറ്റ്പൈലുകൾ സ്ഥാപിക്കുക. 11.2 മീറ്റർ താഴ്ത്തിയാണ് ഷീറ്റ്പൈലുകൾ ഉറപ്പിക്കുക. 70 ഷട്ടറുകളോടു ചേർന്നും ഇത്തരത്തിൽ ഷീറ്റ്പൈലുകൾ സ്ഥാപിച്ച് കോൺക്രീറ്റ് ചെയ്യും. ഷട്ടറുകളുടെ ഒരുഭാഗത്ത് പൂർണമായും മറുഭാഗത്ത് നാലിൽ ഒരു ഭാഗത്തും ഷീറ്റ് പൈലുകൾ സ്ഥാപിക്കും. മൂവാറ്റുപുഴയിലെ മേരിമാതാ ഇൻഫ്രാസ്ട്രക്ചർ എന്ന സ്ഥാപനമാണ് കരാറെടുത്തത്.