PONNANI
ഈശ്വരമംഗലം മൃഗാശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും-എംഎൽഎ
പൊന്നാനി: ഈശ്വരമംഗലം മൃഗാശുപത്രിയിൽ എക്സ്റേ, സ്കാനിങ് യൂണിറ്റുകൾ തുടങ്ങുന്നതിനുള്ള നിർദേശം സർക്കാരിന് നൽകുമെന്ന് എംഎൽഎ അറിയിച്ചു. ആശുപത്രിയിലെ സ്ഥല സൗകര്യം പരമാവധി പ്രയോജനപ്പെടുത്താനാണ് നീക്കം. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയിൽ കെട്ടിടം നിർമാണം നടക്കുകയാണ്. വിശാലമായ കെട്ടിടങ്ങളും പുതിയ സംവിധാനങ്ങളും കൊണ്ടുവന്നാൽ താലൂക്കിലെ പ്രധാന മൃഗ സംരക്ഷണ കേന്ദ്രമായി പൊന്നാനിയിലെ വെറ്ററിനറി ആശുപത്രിയെ മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ.
മൃഗ ചികിത്സാ സേവനം പദ്ധതിയിൽ 3 കോടി രൂപ ആശുപത്രി വികസനത്തിന് അനുവദിച്ചിരുന്നു. ഇതിൽ 99.9 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ഒപി ബ്ലോക്ക്, ഓപ്പറേഷൻ തിയറ്റർ, ലബോറട്ടറി, ഫാർമസി, എമർജൻസി വെറ്ററിനറി സർവീസ്, സ്റ്റോർ റൂം, ഓഫിസ് കോംപ്ലക്സ് തുടങ്ങിയ സൗകര്യങ്ങൾ കെട്ടിടത്തിൽ ഉണ്ടാകും.