EDAPPALLocal news

ആർട്ടിസ്റ്റ് നമ്പൂതിരിക്ക് കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗത്വം സമ്മാനിച്ചു

എടപ്പാൾ: ചിത്രകലയുടെ ആചാര്യൻ ആർട്ടിസ്റ്റ് നമ്പൂതിരിക്ക് കേരള കാർട്ടൂൺ അക്കാദമിയുടെ വിശിഷ്ടാംഗത്വം മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ സമ്മാനിച്ചു. ‘ആ ഭാഗ്യം ലഭിച്ചത് എനിക്കാണ്’ -എടപ്പാൾ നടുവട്ടത്ത് ശനിയാഴ്ച നമ്പൂതിരിയുടെ കരുവാട്ടുമനയിൽ അംഗത്വഫലകം കൈമാറി എം.വി. ശ്രേയാംസ്‌കുമാർ പറഞ്ഞു.1960-കളുടെ തുടക്കത്തിൽ നമ്പൂതിരി മാതൃഭൂമിയിൽ ‘നാണിയമ്മയും ലോകവും’ എന്ന പേരിൽ പോക്കറ്റ് കാർട്ടൂൺ വരച്ചിരുന്നു. അതിന്റെ ആദരവായാണ് വിശിഷ്ടാംഗത്വം സമ്മാനിച്ചത്. ലളിതമായ ചടങ്ങ് സൗഹൃദസംഭാഷണങ്ങളുടെയും ഓർമപുതുക്കലിെന്റയും വേദി കൂടിയായി. നമ്പൂതിരിയുടെ കുടുംബാംഗങ്ങളും പങ്കുകൊണ്ടു.
“കാലികപ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ച് കാർട്ടൂൺ വേണമെന്ന് അന്നത്തെ മാനേജിങ് എഡിറ്റർ വി.എം. നായരാണ് നിർദേശിച്ചത്. അതൊരു സ്ത്രീയുടെ കണ്ണിലൂടെ കാണുന്നതായിക്കോട്ടെ എന്നു ഞാൻ പറഞ്ഞു. പേരും ഞാൻ നിർദേശിച്ചു. അതൊക്കെ അങ്ങുതന്നെ തീരുമാനിച്ചാൽ മതിയെന്ന് വി.എം. നായർ. അങ്ങനെയാണ് നാണിയമ്മയും ലോകവും പിറന്നത്” -നമ്പൂതിരി ഓർമിച്ചു.“അന്നത്തെ മാതൃഭൂമിക്കാലം മറക്കാൻ പറ്റില്ല. എൻ.വി. കൃഷ്ണവാരിയരും എം.ടി. വാസുദേവൻനായരും വി.എം. കൊറാത്തും മറ്റും അടങ്ങുന്ന പ്രഗല്‌ഭരുടെ നിര. തകഴിയും കേശവദേവുമടക്കം എല്ലാ എഴുത്തുകാരും മാതൃഭൂമിയിൽ വരും. ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനു കാരണം മാതൃഭൂമിയാണ്”- അദ്ദേഹം പറഞ്ഞു.
നാണിയമ്മയും ലോകവും പുസ്തകരൂപത്തിലാക്കണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു. തന്നെക്കുറിച്ചുള്ള കാർട്ടൂണുകൾക്കു മൂർച്ചപോരെന്നാണ് പണ്ട് നെഹ്‌റു പരിഭവപ്പെട്ടതെങ്കിൽ ഇപ്പോഴത്തെ പൊതുപ്രവർത്തകർക്ക് നേരിയ പരിഹാസംപോലും താങ്ങാൻ കഴിയുന്നില്ലെന്ന് ശ്രേയാംസ്‌കുമാർ ചൂണ്ടിക്കാട്ടി.
നമ്പൂതിരിയുടെ പത്‌നി കെ.എം. മൃണാളിനി, മകൻ ചലച്ചിത്രസംവിധായകൻ ദേവൻ, ഭാര്യ സരിതാ ദേവൻ, ബന്ധു കെ.എം. നാരായണൻ, കാർട്ടൂൺ അക്കാദമി ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ, പ്രവർത്തകരായ മനോജ് മത്തശ്ശേരിയിൽ, കെ.വി.എം. ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.
തന്റെ ജൻമനാടായ പൊന്നാനിയെക്കുറിച്ച് താൻ വരച്ച ചിത്രങ്ങളടങ്ങിയ പുസ്തകം നമ്പൂതിരി, എം.വി. ശ്രേയാംസ്‌കുമാറിന് സമ്മാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button