MALAPPURAM
‘ആരോഗ്യഭേരി’: സമഗ്ര ക്യാൻസർ ജീവിതശൈലീ രോഗനിയന്ത്രണ പരിപാടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്
സംസ്ഥാനത്ത് 30 വയസ്സിന് മുകളിലുള്ളവരിൽ ജീവിതശൈലീ രോഗങ്ങളുടെ വ്യാപനത്തെയും അതിന്റെ അപകടസാധ്യത ഘടകങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് ജനസംഖ്യാടിസ്ഥാനത്തിലുള്ള സ്ക്രീനിംഗ് ആശാ പ്രവർത്തകർ മുഖേന ‘ശൈലി’ എന്ന ആപ്പ് വഴി ചെയ്യുന്നുണ്ട്.
ഇതുവഴി ക്യാൻസറുകൾ, ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, രക്താതിമർദം തുടങ്ങിയ ജീവിത ശൈലി രോഗങ്ങളെ ക്യത്യമായി കണ്ടെത്താൻ സാധിക്കും. ഇതിൽ നിന്ന് ഹെറിസ്ക് വിഭാഗത്തിൽപ്പെടുന്നവരെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്യും. ഇവിടെ നിന്നും ക്യാൻസറിന്റെ പ്രാഥമിക പരിശോധന നടത്തുകയും പരിശോധനയ്ക്കായി പാപ് സ്മിയർ സാമ്പിൾ ശേഖരിക്കുകയും ചെയ്യും. പരിശോധനയിൽ ഏതെങ്കിലും തരത്തിലുള്ള ക്യാൻസർ സൂചന ലഭിക്കുന്നവരെ ചികിത്സക്കായി ജില്ലാ ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് പദ്ധതിയിൽ പ്രാവർത്തികമാക്കുന്നത്. ഇതിലൂടെ ക്യാർസർ സാധ്യത നേരത്തെ കണ്ടെത്താൻ കഴിയുകയും ചികിത്സ ഉറപ്പാക്കാൻ കഴിയുകയും ചെയ്യും.
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിക്കുന്ന സാമ്പിളുകൾ ലാബ് നെറ്റ് വർക്കിംഗ് വഴി ഹബ്ബ് ലാബുകളിലേക്ക് എത്തിക്കാനും സാധിക്കും. ജനകീയാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും വെച്ച് തന്നെ മറ്റു ജീവിതശൈലി രോഗങ്ങളുടെ പ്രാഥമിക പരിശോധനയും നടത്തും. ലാബ് സാമ്പിളുകൾ ഹബ് ലാബിലേക്ക് എത്തിക്കുന്നതിനും മറ്റും ആവശ്യമായ തുകകൾ തദ്ദേശ സ്വയംഭരണ സഥാപനങ്ങൾ പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്.