ആദിവാസിയിൽ നിന്ന് 10,000 കൈക്കൂലി വാങ്ങി ; ഐ.ടി.ഡി.പി ഓഫീസിലെ സൈറ്റ് മാനേജർ വിജിലൻസ് പിടിയിൽ
തിരുവനന്തപുരം : ആദിവാസിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ സംയോജിത പട്ടികവർഗ്ഗ വികസന പ്രോജക്ട് ഓഫീസിലെ സൈറ്റ് മാനേജർ വിജിലൻസിന്റെ പിടിയിൽ. കണ്ണൂർ ഐ.ടി.ഡി.പി ഓഫീസിലെ സൈറ്റ് മാനേജർ സലിമാണ് ഇന്ന് വിജിലൻസിന്റെ പിടിയിലായത്. സർക്കാർ അനുവദിച്ച ധനസഹായം നൽകുന്നതിന് പതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോളാണ് സൈറ്റ് മാനേജറെ അറസ്റ്റ് ചെയ്തത്.
ആദിവാസികൾക്കുള്ള ഭവന പദ്ധതി പ്രകാരം വീട് നിർമ്മിക്കുന്നതിന് ഐ.ടി
ഡി. പി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. ആദിവാസികൾക്ക് ഇത് സംബന്ധിച്ച് പരാതി നൽകാനും അറിയില്ല. കണ്ണൂർ പയ്യന്നൂർ താലൂക്കിലെ ചെറുപുഴ സ്വദേശിയാണ് പരാതി നൽകിയത്. അദ്ദേഹത്തിന്റെ അമ്മയ്ക്ക് വീട് നിർമ്മിക്കുന്നതിനായി സർക്കാർ ആറ് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ആദ്യ ഗഡുവായ 90,000 രൂപ അനുവദിക്കുന്നതിന് സൈറ്റ് മാനേജരായ സലിം പരാതിക്കാരനോട് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പരാതിക്കാരൻ ഈ വിവരം ഉടൻ തന്നെ കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്
പി ബാബു പെരിങ്ങോത്തിനെ അറിയിച്ചു.
ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വിജിലൻസ് സംഘം കെണിയൊരുക്കി ഇന്ന് വൈകിട്ട് 4 മണിയോടെ കണ്ണൂർ ജവഹർ ലൈബ്രറിക്ക് മുൻവശത്ത് വച്ച് പരാതിക്കാരനിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങവേ സലീമിനെ വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയാണ് ഉണ്ടായത്. പിടികൂടിയ പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.