വികസന കുതിപ്പിലേക്ക് ജില്ല: 100 കോടിയുടെ റോഡ് വികസനവും നഗര സൗന്ദര്യവൽക്കരണവും വരുന്നു
മലപ്പുറം: അടിസ്ഥാന സൗകര്യ വികസന രംഗത്ത് വൻ മാറ്റങ്ങൾക്കൊരുങ്ങി മലപ്പുറം ജില്ല. ജില്ലയിലെ ഏറ്റവും തിരക്കേറിയ ആറ് പ്രധാന ജങ്ഷനുകൾ ഗൾഫ് മാതൃകയിൽ അത്യാധുനിക രീതിയിൽ നവീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് പദ്ധതി തയാറാക്കി.
സമഗ്ര വികസനം ലക്ഷ്യമിട്ട് കോടികളുടെ പദ്ധതികളാണ് ജില്ലയിൽ നടപ്പാക്കുന്നത്. പെരിന്തൽമണ്ണ, തിരൂർ, കോട്ടക്കൽ, മഞ്ചേരി, അരീക്കോട്, എടവണ്ണപ്പാറ എന്നീ പ്രധാന ടൗണുകളിലെ ജങ്ഷനുകളാണ് അന്താരാഷ്ട്ര നിലവാരത്തിൽ രൂപകൽപ്പന ചെയ്ത് നവീകരിക്കുക.ജില്ലയിലെ കടുത്ത ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി 100 കോടി രൂപ ചെലവഴിച്ച് മലപ്പുറം റോഡ് വികസനം പൂർത്തിയാക്കും.
ഇതോടൊപ്പം നഗര സൗന്ദര്യവൽക്കരണവും നടപ്പിലാക്കും.പ്രധാന യാത്രാ തടസ്സങ്ങൾ പരിഹരിക്കുന്നതിനായി കൊണ്ടോട്ടിയിൽ മോങ്ങത്ത് ബൈപ്പാസിനായുള്ള സർവേ നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്.
കൂടാതെ പൊന്നാനി – കുറ്റിപ്പുറം – കോട്ടക്കൽ – മഞ്ചേരി – അരീക്കോട് – എടവണ്ണ – ഊട്ടി പാത ദേശീയപാതയായി ഉയർത്തുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയിൽ നിന്ന് തത്വത്തിൽ അംഗീകാരം ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ്. പദ്ധതികൾ പൂർത്തിയാകുന്നതോടെ മലപ്പുറത്തിന്റെ മുഖച്ഛായ തന്നെ മാറും.