LATEST NEWSLocal news

രോഗം വരുന്നതിന് മുമ്പേ പ്രതിരോധിക്കണം; വാക്സിനേഷൻ ബോധവൽക്കരണവുമായി ജില്ലാ കളക്ടറുടെ ഗൃഹസന്ദർശനം..!

വീട്ടുവാതിൽപ്പക്കൽ അപ്രതീക്ഷിതമായി ജില്ലാ കളക്ടറെ കണ്ടപ്പോൾ താനൂരിലെ കുടുംബത്തിന് ആദ്യം ചെറിയൊരു ആശങ്ക. എന്നാൽ അഞ്ചാം പനിക്കെതിരെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന സുപ്രധാന സന്ദേശവുമായി ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ നേരിട്ടെത്തിയതാണെന്ന് അറിഞ്ഞതോടെ കുടുംബാംഗങ്ങളുടെ ആശങ്ക മാറി ആശ്വാസമായി.

രോഗത്തെ ഭയക്കാതെ, വരുന്നതിന് മുമ്പേ പ്രതിരോധിക്കണമെന്ന കരുതലിന്റെ സന്ദേശവുമായാണ് കളക്ടർ താനൂരിലെ വീട്ടിലെത്തിയത്. ​വീട്ടിലെ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചും വാക്സിനേഷനെക്കുറിച്ചും കുടുംബാംഗങ്ങളുമായി അദ്ദേഹം നേരിട്ട് സംസാരിച്ചു.

അഞ്ചാം പനിക്കെതിരെ വാക്സിൻ കൃത്യസമയത്ത് സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ച അദ്ദേഹം, വാക്സിനുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും തുറന്നുപറയണമെന്നും ആരോഗ്യപ്രവർത്തകരിൽ നിന്ന് കൃത്യമായ വിവരങ്ങൾ തേടണമെന്നും ഓർമ്മിപ്പിച്ചു.ഒരു കുഞ്ഞിന് നൽകുന്ന വാക്സിൻ ആ കുഞ്ഞിന്റെ മാത്രം സുരക്ഷയല്ല, മറിച്ച് ചുറ്റുമുള്ള നിരവധി കുഞ്ഞുങ്ങളുടെ കൂടി സുരക്ഷയാണെന്ന വലിയ സന്ദേശമാണ് ജില്ലാ കളക്ടർ പങ്കുവെച്ചത്.മീസിലിസ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി താനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച അവലോകന യോഗത്തിന് ശേഷമായിരുന്നു കളക്ടറുടെ ഗൃഹസന്ദർശനം. താനൂർ മേഖലയിൽ മീസിലിസ് പ്രതിരോധ പ്രവർത്തനങ്ങളും വാക്സിനേഷനും കൂടുതൽ ഊർജ്ജിതമാക്കാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button