BREAKING NEWSLATEST NEWSLocal news

പൊന്നാനിയുടെ സമഗ്ര വികസനം. ഭാവി കർമ്മപരിപാടികൾക്ക് രൂപം നൽകാൻ വികസന സംവാദം

പൊന്നാനി മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി വിവിധ മേഖലകളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവി വികസന പദ്ധതികൾക്ക് രൂപം നൽകുന്നതിനുമായി കെ.പി. നൗഷാദ് അലി എം.എൽ.എയുടെ നേതൃത്വത്തിൽ വികസന സംവാദം സംഘടിപ്പിച്ചു. പൊന്നാനി വഹീദാ മാളിൽ നടന്ന ചടങ്ങിൽ ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഫിഷറീസ്, വ്യവസായം, തൊഴിൽ, സാമൂഹിക വികസനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്ധരും അനുഭവസമ്പന്നരും പങ്കെടുത്തു.

മണ്ഡലത്തിന്റെ വികസന മുൻഗണനകൾ, വിവിധ മേഖലകളിലെ സാധ്യതകൾ, നടപ്പാക്കേണ്ട പദ്ധതികൾ എന്നിവ സംബന്ധിച്ച് വിശദമായ ചർച്ചയും വിലയിരുത്തലും നടന്നു.ആമുഖ പ്രഭാഷണത്തിൽ, പൊന്നാനിയുടെ വികസനം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും നാടിന്റെ പുരോഗതിക്കായി ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി എല്ലാവരുടെയും സഹകരണം ഉറപ്പാക്കേണ്ടതുണ്ടെന്നും എം.എൽ.എ വ്യക്തമാക്കി.

ജനങ്ങളുടെ ആവശ്യങ്ങളും പ്രാദേശിക സാധ്യതകളും തിരിച്ചറിഞ്ഞ് കൂട്ടായ്മയിലൂടെ വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയാണ് ലക്ഷ്യം. വിവിധ മേഖലകളിലെ വിദഗ്ധരുടെ അറിവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തി പ്രായോഗികവും ജനോപകാരപ്രദവുമായ കർമ്മപരിപാടികൾ ആവിഷ്കരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോഗ്യരംഗത്ത് മാറഞ്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കേന്ദ്രീകരിച്ച് സേവനങ്ങൾ വിപുലീകരിക്കുക, കാൻസർ ഗവേഷണത്തിന് പ്രാധാന്യം നൽകുക, അനിയന്ത്രിതമായ കീടനാശിനി പ്രയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ പഠിച്ച് പ്രതിരോധ നടപടികൾ ആവിഷ്കരിക്കുക തുടങ്ങിയ നിർദേശങ്ങൾ ചർച്ചയായി. ജനങ്ങൾക്ക് ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം ആരോഗ്യപ്രശ്നങ്ങളുടെ കാരണങ്ങൾ കണ്ടെത്തി പരിഹാരമാർഗങ്ങൾ ആവിഷ്കരിക്കുന്നതിനും പ്രാധാന്യം നൽകും.

വിദ്യാഭ്യാസമേഖലയിൽ, തീരദേശത്തെ എട്ടാം ക്ലാസ് മുതൽ പഠിക്കുന്ന നൂറ് കുട്ടികളുടെ തുടർവിദ്യാഭ്യാസത്തിന് പിന്തുണ നൽകുന്നതിനും അവരുടെ മികച്ച ഭാവിക്കാവശ്യമായ അവസരങ്ങൾ ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്നു. അഞ്ചാം ക്ലാസ് മുതൽ വിദ്യാർഥികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യവും സംസാരശേഷിയും ആത്മവിശ്വാസവും വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളും പരിഗണനയിലുണ്ട്. വിദ്യാർഥികളുടെ പഠനത്തിലും ഭാവി രൂപീകരണത്തിലും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പങ്കാളിത്തം ഉറപ്പാക്കാൻ സ്കൂൾ പി.ടി.എ. മാതൃകയിൽ വാർഡുതല സമിതികൾ രൂപീകരിക്കുന്നതും ലക്ഷ്യമാണ്.

തീരദേശ ജനതയുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, മേഖലയിലെ ആയിരത്തോളം ഓലമേഞ്ഞ വീടുകൾക്ക് പകരം ഘട്ടംഘട്ടമായി സുരക്ഷിതവും മെച്ചപ്പെട്ടതുമായ വീടുകൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകും. തീരദേശവാസികളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുന്നതിനൊപ്പം വിദ്യാഭ്യാസം, ഉപജീവനം, സാമൂഹിക സുരക്ഷ എന്നിവയിലും പുരോഗതി ഉറപ്പാക്കുകയാണ് ലക്ഷ്യം.കാർഷികമേഖലയിൽ കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനായി വർഷത്തിൽ ഒരു വിള മാത്രം കൃഷിയിറക്കുന്ന പാടശേഖരങ്ങളിൽ പയർവർഗങ്ങൾ ഉൾപ്പെടെയുള്ള ഹ്രസ്വകാല വിളകൾ പ്രോത്സാഹിപ്പിക്കും.

പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ചുള്ള കൃഷിരീതികൾ പ്രയോജനപ്പെടുത്തി കൃഷിയുടെ സാധ്യതകൾ വിപുലീകരിക്കുന്നതിനും മത്സ്യകൃഷി ഉൾപ്പെടെയുള്ള അനുബന്ധ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ പരിഗണിക്കും.തൊഴിൽ-വ്യവസായ മേഖലകളിൽ സ്ത്രീകൾക്കും യുവജനങ്ങൾക്കും നൈപുണ്യപരിശീലനം നൽകുക, സ്വയംതൊഴിൽ സംരംഭങ്ങൾക്ക് പിന്തുണ ഉറപ്പാക്കുക, പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയ്ക്കും കർമ്മപരിപാടിയിൽ പ്രാധാന്യമുണ്ട്. മാറിവരുന്ന തൊഴിൽ സാഹചര്യങ്ങൾക്കനുസരിച്ച് പ്രായോഗിക പരിശീലനവും സംരംഭകത്വത്തിനാവശ്യമായ പിന്തുണയും ലഭ്യമാക്കുന്നതിലൂടെ കുടുംബങ്ങളുടെ വരുമാനവും നാടിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയും മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.യോഗത്തിൽ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളും പദ്ധതികളും വിശദീകരിച്ചുകൊണ്ട് ബൈജു, ഡോ. ഫയാസ്, ഉമ്മർ കോയ, മൊയ്തീൻകുട്ടി സാർ തുടങ്ങിയവർ സംസാരിച്ചു.

തീരദേശ മേഖലയിലെ പ്രശ്നങ്ങൾ, കൃഷി-ഫിഷറീസ് മേഖലകളുടെ വളർച്ച, വിദ്യാഭ്യാസരംഗത്തെ വെല്ലുവിളികൾ, ആരോഗ്യപരിരക്ഷ, ചെറുകിട വ്യാപാര-വ്യവസായ സംരംഭങ്ങളുടെ വികസനം തുടങ്ങിയ വിഷയങ്ങളിൽ പങ്കെടുത്തവർ നിർദേശങ്ങൾ പങ്കുവെച്ചു. ഓരോ മേഖലയിലുമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തി ജനങ്ങളുടെ ജീവിതനിലവാരത്തിൽ നേരിട്ടുള്ള മാറ്റമുണ്ടാക്കുന്ന പദ്ധതികൾക്ക് രൂപം നൽകേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ ഉയർന്നു.

മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സമാനമായ വികസന സംവാദങ്ങൾ സംഘടിപ്പിച്ച് അവിടങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങളും വികസന സാധ്യതകളും മനസ്സിലാക്കാനും അതിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക കർമ്മപരിപാടികൾ തയ്യാറാക്കാനുമാണ് എം.എൽ.എ ലക്ഷ്യമിടുന്നത്. വിവിധ മേഖലകളിലെ വിദഗ്ധരുടെയും ജനപ്രതിനിധികളുടെയും സാമൂഹിക പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും കൂട്ടായ പങ്കാളിത്തത്തോടെ വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകും.രാഷ്ട്രീയത്തിനും ജാതി-മത വ്യത്യാസങ്ങൾക്കും അതീതമായി എല്ലാവരെയും ഒരുമിപ്പിച്ച്, ജനപങ്കാളിത്തത്തിലൂടെ പൊന്നാനിയുടെ സമഗ്രവും സുസ്ഥിരവുമായ വികസനം ഉറപ്പാക്കുക എന്നതാണ് ഈ വികസന സംവാദത്തിന്റെ പ്രധാന ലക്ഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button