EDAPPALLATEST NEWSPONNANI

പൊന്നാനിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പു നടത്തിയ പ്രതി അറസ്റ്റിൽ


പൊന്നാനി : കേരള സർക്കാർ ബോർഡുകളിലും കോർപ്പറേഷനുകളിലും ജോലി വാങ്ങിനൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് ജില്ലയിലെ കോതകുറുശ്ശി കൂമുളംകാറ്റിൽ വീട്ടിൽ മുഹമ്മദ് അലി (40) ആണ് പൊന്നാനി പോലീസ് പിടിയിലായത്.സെക്രട്ടേറിയറ്റിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്യുകയും എം.എൽ.എ. ഹോസ്റ്റലിൽ താമസിക്കുകയും ചെയ്തിരുന്ന പ്രതി, താൻ നിയമസഭാ സ്പീക്കറുടെ സ്റ്റാഫ് അംഗമാണെന്ന് പരിചയപ്പെടുത്തി ആളുകളെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് പോലീസ് പറയുന്നത്. കേരള സർക്കാർ ബോർഡുകളിലും കോർപ്പറേഷനുകളിലും ജോലി ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയതായാണ് പരാതി. പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതിരിക്കുകയും നൽകിയ പണം തിരികെ നൽകാൻ പ്രതി തയ്യാറാകാതിരിക്കുകയും ചെയ്തതിനെ തുടർന്ന് പൊന്നാനി സ്വദേശിയാണ് പോലീസിൽ പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഒറ്റപ്പാലത്ത് നിന്ന് പോലീസ് പിടികൂടിയത്.
പ്രതിക്കെതിരെ പൂന്തുറ, ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനുകളിലും സമാനമായ കേസുകൾ നിലവിലുള്ളതായി പോലീസ് അറിയിച്ചു.പൊന്നാനി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.വി. ജിഷ്ണുവിന്റെ നേതൃത്വത്തിൽ , സീനിയർ പോലീസ് ഓഫീസർമാരായ അനിൽ വിശ്വൻ, പ്രശാന്ത് കുമാർ, സിവിൽ പോലീസ് ഓഫീസർ വിജേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തു . കേസിൽ തുടർ അന്വേഷണം നടന്നുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button