നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന തന്ത്രം ജനങ്ങൾ തിരിച്ചറിഞ്ഞു; എസ്.ഐ.ആർ പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി അമിത് ഷാ
ന്യൂഡൽഹി: വോട്ടർ പട്ടികയിലെ തീവ്ര പ്രത്യേക പരിഷ്കരണത്തിന് (SIR) എതിരെ കോൺഗ്രസും ഇൻഡി സഖ്യവും നടത്തുന്ന പ്രതിഷേധങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എസ്.ഐ.ആറിനെ എതിർക്കുന്നതിന്റെ മറവിൽ രാഹുൽ ഗാന്ധിയും കോൺഗ്രസും രാജ്യത്തേക്ക് നിയമവിരുദ്ധമായി എത്തിയ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു.
“നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാനും വോട്ട് ബാങ്ക് രാഷ്ട്രീയം നിലനിർത്താനുമുള്ള നിങ്ങളുടെ തന്ത്രം രാജ്യത്തെ ജനങ്ങൾ പൂർണ്ണമായും തിരിച്ചറിഞ്ഞുകഴിഞ്ഞു,” എന്ന് രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് അമിത് ഷാ പറഞ്ഞു.തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകൾ ആരോപിച്ച് പ്രതിപക്ഷം തെരുവിൽ പ്രതിഷേധം നടത്തുമ്പോൾ, തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അടുത്ത പൊതുതെരഞ്ഞെടുപ്പിലും ജനങ്ങൾ പ്രതിപക്ഷത്തെ തിരസ്കരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.അതേസമയം, വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയിലെ സുതാര്യത ചോദ്യം ചെയ്തും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണങ്ങൾ ഉന്നയിച്ചും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ ശക്തമായി മുന്നോട്ടുപോകുകയാണ്