KottakkalKUTTIPPURAMLocal newsMALAPPURAM

കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പദ്ധതികൾ; ജലവിഭവ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു

കുറ്റിപ്പുറം :കോട്ടക്കൽ മണ്ഡലത്തിൽ ജലവിഭവ വകുപ്പിന് കീഴിൽ നടന്ന് കൊണ്ടിരിക്കുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി
തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്നു .
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിൽ
ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിൻ്റെ അദ്ധ്യക്ഷതയിലാണ് പ്രത്യേക യോഗം ചേർന്നത്.

കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് പ്രവൃത്തി സമ്പൂർണമായി പൂർത്തീകരിക്കുന്നത്
സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു .

കുറ്റിപ്പുറം ഭാഗത്ത് അപ്രോച്ച് റോഡ് നിർമ്മാണത്തിന് സ്ഥലമേറ്റെടുത്ത് രേഖകൾ കൈമാറിയ ഭൂവുടമകൾക്ക് നഷ്‌ടപരിഹാര തുക ഒന്നര ആഴ്ചക്കകം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു . ശേഷിക്കുന്ന ഭൂമി ഏറ്റെടുത്ത് ആറ് മാസത്തിനകം അപ്രോച്ച് റോഡിൻ്റെ മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കുന്നതിനും നിർദ്ദേശം നൽകി .
അപ്രോച്ച് റോഡിൻ്റെ ഭാഗത്ത് അണ്ടർ പാസ് നിർമ്മാണം എന്ന ആവശ്യത്തിന് നിലവിലുള്ള എസ്റ്റിമേറ്റ് റിവൈഴ്‌സ് ചെയ്ത് നൽകുവാൻ നിർദ്ദേശിച്ചു .

കുറ്റിപ്പുറം , മാറാക്കര , ആതവനാട് പഞ്ചായത്തുകളിലേക്കും കോട്ടക്കൽ നഗരസഭയിലേക്കുമായി വിഭാവനം ചെയ്ത ജലജീവൻ മിഷൻ പദ്ധതിക്കായി ടാങ്ക് നിർമ്മിക്കുന്നതിന് ആതവനാട് പഞ്ചായത്തിൽ കണ്ടെത്തിയ സ്ഥലം നടപടികൾ പൂർത്തിയാക്കി 10 ദിവസത്തിനുള്ളിൽ ഏറ്റെടുക്കാമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ടാങ്കിൻ്റെ നിർമ്മാണ പ്രവൃത്തി 18 മാസത്തിനകം പൂർത്തീകരിക്കാമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.

കോട്ടക്കൽ നഗരസഭയിലെ എല്ലാ പ്രദേശങ്ങളിലേക്കും കുടിവെള്ളം എത്തിക്കുന്നതിൻ്റെ ഭാഗമായുള്ള പദ്ധതിക്ക് വിശദമായ പദ്ധതി രേഖ ( ഡി.പി. ആർ ) തയ്യാറാക്കി സമർപ്പിക്കുന്നതിന് വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകി . 170 കോടി രൂപയുടെ പദ്ധതി രേഖയാണ് കേരള വാട്ടർ അതോറിറ്റി തയ്യാറാക്കുന്നത്. കേന്ദ്ര പദ്ധതികൾ ഉൾപ്പെടെ വിവിധ ഏജൻസികളുടെ ഫണ്ട് ലഭ്യത ഇതിലേക്ക് കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത് .

പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ എം.എൽ എ, വി.ടി ബൽറാം എം.എൽ എ,
കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ. നാസർ ,
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി, വാട്ടർ അതോറിറ്റി എം.ഡി വിനു ഫ്രാൻസിസ് ഐ.എ. എസ് , കിഡ്ക് പ്രതിനിധി ശോഭ, കിഫ്ബി , കിഡ്ക്, കേരള വാട്ടർ അതോറിറ്റി എന്നിവയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button