കരച്ചിലിൽ നിന്ന് ചിരിയിലേക്ക്; ലിയ സഹറയ്ക്ക് പുതിയ ഫോൺ
എടപ്പാൾ: ബഡ്സ് സ്കൂളിലെ പ്രവേശനോത്സവ ചടങ്ങിനിടെ ഉണ്ടായ ചെറിയൊരു സങ്കടത്തിന് സന്തോഷകരമായ പര്യവസാനമായി ലിയ സഹറയ്ക്ക് പുതിയ ഫോൺ ലഭിച്ചു. തവനൂർ മണ്ഡലം എം എൽ എ. വി എസ് ജോയിക്കൊപ്പം ഫോട്ടോ എടുക്കണമെന്ന ആഗ്രഹത്തോടെയാണ് ലിയ ഉമ്മ റഹ്മത്തിന്റെ ഫോൺ കൈയിലെടുത്തത്. കുട്ടി ആയതിനാൽ സെൽഫി താനെടുത്തുതരാമെന്ന് പറഞ്ഞ് ഫോൺ വാങ്ങിയെങ്കിലും അബദ്ധത്തിൽ അത് കൈയിൽനിന്ന് താഴെ വീണ് കേടുപാടുകൾ സംഭവിച്ചു.
ഫോൺ തകരാറിലായതോടെ ലിയ കരയാൻ തുടങ്ങി. ഇതോടെ മറ്റൊരു ഫോണിൽ സെൽഫിയെടുത്ത് കുട്ടിയെ ആശ്വസിപ്പിക്കുകയും പുതിയ ഫോൺ നൽകാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.വാഗ്ദാനം പാലിച്ചുകൊണ്ട് പുതിയ ഫോൺ പിന്നീട് ലിയയുടെ വീട്ടിലെത്തി കൈമാറി. കോൺഗ്രസ് നേതാവ് പുരുഷോത്തമൻ മാസ്റ്ററാണ് ഫോൺ നൽകിയത്. നിയമസഭാ സമ്മേളനം ആരംഭിച്ചതിനാൽ വി. എസ്. ജോയിക്ക് നേരിട്ട് എത്താൻ സാധിച്ചില്ല. ചെറിയൊരു അബദ്ധത്തിന് പിന്നാലെ ലഭിച്ച ഈ സമ്മാനം ലിയയ്ക്കും കുടുംബത്തിനും ഇരട്ടിമധുരമായി.