ഐഡിയൽ എസ്.പി.സി ഓണം അവധി പ്രകൃതി പഠന ക്യാമ്പ് സമാപിച്ചു
എടപ്പാൾ:കടകശ്ശേരി ഐഡിയൽ സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണം അവധിക്കാല പ്രകൃതി പഠന ക്യാമ്പ് സമാപിച്ചു.പഠനത്തോടൊപ്പം പ്രകൃതിയെ അറിയാനും സംരക്ഷിക്കാനുമുള്ള സന്ദേശവുമായാണ് കുട്ടിപ്പോലീസുകാർക്കായി രണ്ട് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ നിലമ്പൂരിലെ പ്രധാന പ്രകൃതി പഠന കേന്ദ്രങ്ങൾ സന്ദർശിച്ചു.
നിലമ്പൂർ കനോലി പ്ലോട്ടിലെ ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയം, നിലമ്പൂർ സ്കൈ വാക്ക് ബംഗ്ലാവ്, നിലമ്പൂർ പവർ ഹൗസ്, ആഡ്യൻപാറ വെള്ളച്ചാട്ടം എന്നിവിടങ്ങളിലായിരുന്നു പഠനയാത്ര. വനത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് നേരിട്ട് മനസ്സിലാക്കാൻ ഈ സന്ദർശനം ഉപകരിച്ചു.തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണം പോലീസിന്റെ കടമ കൂടിയാണെന്നും അതിനായി പുതുതലമുറയെ സജ്ജരാക്കുന്നതിൽ എസ്.പി.സി യൂണിറ്റുകൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ ഹെഡ്മിസ്ട്രസ് ചിത്ര ഹരിദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡബ്ല്യു.സി.പി.ഒ ആൻസി, സി.പി.ഒ മാരായ ജ്യോതി ലക്ഷ്മി, അൻവർ വെള്ളാഞ്ചേരി എന്നിവർ സംസാരിച്ചു.ക്യാമ്പിന് ഡ്രിൽ ഇൻസ്ട്രക്ടർമാരും അധ്യാപകരും നേതൃത്വം നൽകി.