പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; നിലമ്പൂർ പാത വികസനത്തിനും തിരിച്ചടി
അങ്ങാടിപ്പുറം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കുന്നതോടെ ഷൊർണൂർ – നിലമ്പൂർ റെയിൽപാതയുടെ വികസന പ്രതീക്ഷകൾക്കും തിരിച്ചടിയാകുമെന്ന ആശങ്ക ശക്തം. നിലമ്പൂരിൽ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അന്യ സംസ്ഥാനങ്ങളിലേക്കും നേരിട്ടുള്ള ദീർഘദൂര ട്രെയിൻ സർവീസ് വേണമെന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുകയാണ്. പാതയുടെ വൈദ്യുതീകരണവും സ്റ്റേഷൻ വികസനവും പൂർത്തിയാകുന്ന സാഹചര്യത്തിൽ ദീർഘദൂര സർവീസുകൾക്ക് അനുകൂലമായ അടിസ്ഥാന സൗകര്യം ഒരുക്കാനുള്ള നീക്കമാണ് ഇനി വേണ്ടത്.
24 കോച്ചുകളുള്ള ട്രെയിനുകൾ കൈകാര്യംചെയ്യാൻ കഴിയുന്ന തരത്തിൽ നിലമ്പൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം വികസനം നടക്കുകയാണ്. പാലക്കാട് ഡിവിഷന്റെ പരിധി ചുരുങ്ങുന്ന സാഹചര്യത്തിൽ ഷൊർണൂർ – നിലമ്പൂർ പാതയ്ക്ക് പ്രത്യേക പരിഗണന നൽകണമെന്ന ആവശ്യം ശക്തമാകുകയാണ്. പുതിയ മെമു സർവീസുകൾ, ദീർഘദൂര ട്രെയിനുകൾ, പാഴ്സൽ സർവീസ് പുനരാരംഭിക്കൽ, സ്റ്റേഷൻ – യാർഡ് വികസനം എന്നിവയെല്ലാം ഒന്നിച്ച് പരിഗണിച്ചുള്ള സമഗ്ര വികസന പദ്ധതിയാണ് ഇനി വേണ്ടത്.
വൈദ്യുതീകരണം പൂർത്തിയായിട്ടും ഷൊർണൂർ – നിലമ്പൂർ പാതയിൽ ആവശ്യത്തിന് പുതിയ ട്രെയിൻ സർവീസുകൾ ആരംഭിച്ചിട്ടില്ല. യാത്രക്കാരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ കൂടുതൽ മെമു, ദീർഘദൂര ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ ഡിവിഷന്റെ പുനഃക്രമീകരണം വരുന്നതോടെ ഇത്തരം ആവശ്യങ്ങളിൽ തീരുമാനം വൈകാനാണ് സാധ്യത.