EDAPPALLocal news

എടപ്പാൾ ആശുപത്രിയുടെ ട്രിപ്ലെറ്റ് സംഗമംറെക്കോർഡ് പുസ്തകങ്ങളിൽഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടംപിടിച്ച് ചരിത്രനേട്ടം

എടപ്പാൾ: എടപ്പാൾ ആശുപത്രിയിൽ ജനിച്ച ട്രിപ്ലെറ്റുകളുടെ (മൂന്നുകുട്ടി ജനനങ്ങൾ) അപൂർവ സംഗമം ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടംപിടിച്ചു. കഴിഞ്ഞ മാസം 24ന് കൊച്ചിയിൽ നടന്ന സംഗമത്തിൽ എടപ്പാൾ ആശുപത്രിയിൽ ജനിച്ച 300 ട്രിപ്ലെറ്റുകളിൽ നിന്നുള്ള നൂറോളം ട്രിപ്ലെറ്റുകളാണ് പങ്കെടുത്തത്. ലോകചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ട്രിപ്ലെറ്റ് സംഗമം അരങ്ങേറുന്നതെന്ന് സംഘാടകർ അറിയിച്ചു.
റെക്കോർഡ് നേട്ടത്തിനുള്ള സർട്ടിഫിക്കറ്റുകൾ എടപ്പാൾ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ആശുപത്രി മാനേജിങ് ഡയറക്ടർ ചിത്ര ഗോപിനാഥിനും ചെയർമാൻ ഡോ. കെ. കെ. ഗോപിനാഥിനും കൈമാറി. ചടങ്ങിൽ എം.എൽ.എ വി. എസ്. ജോയ്, അഷ്റഫ് കോക്കൂർ, ഇ. പി. രാജീവ്, ഇബ്രാഹിം മൂതൂർ, എ. എം. രോഹിത്, സിദ്ദിഖ് പന്താവൂർ, ആത്മജൻ പള്ളിപ്പാട് ടി പി ശ്രീജിത്ത് അഡ്വ. രജ്ഞിത്ത് ടി പി ഹൈദരാലി തുടങ്ങിയവർ പങ്കെടുത്തു.
എടപ്പാൾ ആശുപത്രിയിൽ ഇതുവരെ നടന്ന ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം പ്രസവങ്ങളിൽ നിന്നായി മുന്നൂറോളം ട്രിപ്ലെറ്റുകളും മൂവായിരത്തിലധികം ഇരട്ടക്കുട്ടികളും ജനിച്ചതാണ് ഈ നേട്ടത്തിന് അടിസ്ഥാനമായത്. സാധാരണയായി ആറായിരം പ്രസവങ്ങളിൽ ഒരു ട്രിപ്ലെറ്റ് ജനിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ആ കണക്കുപ്രകാരം ഒരു ലക്ഷത്തി ഇരുപതിനായിരം പ്രസവങ്ങളിൽ പരമാവധി ഇരുപത് ട്രിപ്ലെറ്റുകൾ മാത്രമേ പ്രതീക്ഷിക്കാനാകൂ. എന്നാൽ എടപ്പാൾ ആശുപത്രിയിൽ ജനിച്ച ട്രിപ്ലെറ്റുകളുടെ എണ്ണം മുന്നൂറിനടുത്തെത്തിയെന്നത് ശ്രദ്ധേയമാണ്.
ലോകത്തെ മറ്റൊരു ആശുപത്രിയിലും ഇത്രയധികം ട്രിപ്ലെറ്റുകൾ ജനിച്ചതായി രേഖകൾ ലഭ്യമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സൈമർ വിഭാഗം ആരംഭിച്ച ഐ.വി.എഫ്., ഐ.സി.എസ്.ഐ. ചികിത്സാരീതികൾ, കേരളത്തിൽ ആദ്യമായി ആരംഭിച്ച ഗർഭസ്ഥ ശിശുരോഗ വിഭാഗം, അത്യാധുനിക എൻ.ഐ.സി.യു. സംവിധാനങ്ങൾ എന്നിവയാണ് ഈ അപൂർവ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. ട്രിപ്ലെറ്റുകളുടെയും ഇരട്ടക്കുട്ടികളുടെയും സംരക്ഷണത്തിനായി നൽകിയ പ്രത്യേക ചികിത്സയും നിരന്തര പരിചരണവും ആശുപത്രിയെ ഈ ചരിത്ര നേട്ടത്തിലേക്ക് എത്തിച്ചതായി അധികൃതർ വ്യക്തമാക്കി.
സൈമറിന്റെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ട്രിപ്ലെറ്റുകളുടെ സംഗമം സംഘടിപ്പിച്ചത്. 1990 മുതൽ 2026 വരെ ജനിച്ച ട്രിപ്ലെറ്റുകളുടെ വിവരങ്ങൾ ശേഖരിച്ച് ലഭ്യമായ കുടുംബങ്ങളെ നേരിട്ട് ബന്ധപ്പെടണമെന്ന ആശുപത്രി ചെയർമാൻ ഡോ. കെ. കെ. ഗോപിനാഥന്റെ ആശയമാണ് ചരിത്ര സംഗമത്തിന് വഴിയൊരുക്കിയത്. ഇതിന്റെ ഫലമായാണ് നൂറോളം ട്രിപ്ലെറ്റുകൾ കൊച്ചിയിൽ ഒത്തുചേർന്ന് അപൂർവ റെക്കോർഡിന് സാക്ഷ്യം വഹിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button