CMRL-എക്സാലോജിക് കേസ്: പിണറായി വിജയനെതിരെ കേസെടുക്കാൻ നിർദേശം; നീക്കവുമായി ഇ ഡി
സിഎംആർഎൽ-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഇ ഡി ഡിജിപിക്ക് കത്തയച്ചു. മുൻ മന്ത്രി മുഹമ്മദ് റിയാസ്, എക്സാലോജിക് എം ഡി വീണ ടി എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഇ ഡി കണ്ടെത്തലുകൾ ഡിജിപിക്ക് കൈമാറി. സെക്ഷൻ 66/2 പ്രകാരമാണ് ഇ ഡി ഡിജിപിക്ക് കത്തയച്ചിരിക്കുന്നത്. കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകൾ ഉണ്ടെന്ന് എൻഫോഴ്സ്സ്മെന്റ് ഡയറക്റേറ്റ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. വീണ വിദേശത്തേക്ക് പണം അയച്ചതിൻ്റെ തെളിവുകൾ ലഭിച്ചതായാണ് ഇ ഡി പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. എന്നാൽ വാർത്താക്കുറിപ്പ് ഇറക്കിയ ഇ ഡി നീക്കം അസാധാരണമെന്നായിരുന്നു പിണറായി വിജയൻ പ്രതികരിച്ചത്. എന്നാലിപ്പോൾ പിണറായി വിജയനും കേസിന്റെ പരിധിയിലേക്ക് വരുന്ന നീക്കമാണ് ഇ ഡിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.