തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കണ്ടെത്തി; 4 പേർ പിടിയിൽ
മലപ്പുറം തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി ഷമീറിനെ കൊല്ലത്ത് നിന്നും കണ്ടെത്തി.
ഷമീറിനെയും, പ്രതികളായ നാലു പേരേയും മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കൊല്ലം ജില്ലയിലെ അഞ്ചൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുരിവിക്കോണം എന്ന സ്ഥലത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
തട്ടിക്കൊണ്ടു പോയവർ മോചനദ്രവ്യമായി ഒന്നരക്കോടി രൂപയോളം ആവശ്യപ്പെട്ടതായി വീട്ടുകാർ പൊലീസിനു മൊഴി നൽകിയിരുന്നു.
ചാവക്കാട് സ്വദേശികളാണ് പ്രതികളെന്നാണ് സൂചന. പ്രതികള്‍ പലതവണ വാഹനം മാറി ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് ഷമീര്‍.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ഷമീറിനെ കാറിലെത്തിയ ഒരുസംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. പാണ്ടിക്കാട് നിന്ന് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്ന ഷമീറിനെ ജിഎല്‍പി സ്കൂളിന് സമീപത്തുവെച്ചാണ് ഒരു സംഘം ആളുകള്‍ ഇന്നോവ കാറിലേക്ക് വലിച്ചു കയറ്റിയത്.
കുതറി മാറാന്‍ ഷമീര്‍ ശ്രമിച്ചെങ്കിലും സംഘം ഷമീറിനെ ബലം പ്രയോഗിച്ചു കാറില്‍ കയറ്റുകയായിരുന്നു.
ദുബായില്‍ ജോലിചെയ്യുന്ന ഷമീര്‍ ഈ മാസം നാലിനാണ് അവധിക്കായി നാട്ടിലെത്തിയത്.അടുത്ത 18നു മടങ്ങാൻ ഇരിക്കുകയായിരുന്നു.
ദുബായിലെ സാമ്പത്തിക ഇടപാടാകാം തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്.