ഒമിക്രോണ്‍ അതിവേഗം പടരുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം
ദില്ലി: ഒമിക്രോൺ അതിവേഗം വ്യാപിക്കുകയാണെന്നും രാജ്യത്ത് ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം. ഒമിക്രോണ്‍ നിസാരമെന്ന് കരുതി തള്ളിക്കളയാൻ ആവില്ല. ഒമിക്രോണിന് ഡെൽറ്റയേക്കാൾ വ്യാപനശേഷിയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ 90 ശതമാനം കൊവിഡ് കേസുകളും ഒമിക്രോണാണെന്നും രാജ്യത്ത് ഇതുവരെ 11 സംസ്ഥാനങ്ങളിലായി 101 ഒമിക്രോണ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ആഘോഷങ്ങൾക്കും ആൾക്കൂട്ടങ്ങൾക്കും നിയന്ത്രണം വേണം. 19 ജില്ലകളിൽ കൊവിഡ് വ്യാപനം കൂടുതലാണെന്നും ആരോഗ്യ മന്ത്രാലയം വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതിനിടെ, ദില്ലിയിൽ പത്ത് പേർക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ, രാജ്യ തലസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയി.
