Local newsPONNANI

പൊന്നാനി തുറമുഖ മ്യൂസിയം നിർമിക്കാൻ സർക്കാർ ആലോചന

പൊന്നാനി : ജില്ലയുടെ പടിഞ്ഞാറൻ തീരത്തെ സകല സമൃദ്ധിയുടെയും അവശേഷിപ്പുകൾ ചേർത്ത് തുറമുഖ മ്യൂസിയം നിർമിക്കാൻ സർക്കാർ ആലോചന. പൊന്നാനി കോടതിക്കെട്ടിടം പൂർണമായി ഏറ്റെടുത്ത് ചരിത്ര സ്മാരകമാക്കുന്നതിനു നീക്കം നടത്തുമെന്നു മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. പൊന്നാനി കടലോരവും പരിസരവും ചരിത്ര സ്മാരകവും മന്ത്രി സന്ദർശിച്ചു.

കൊടുങ്ങല്ലൂർ മുസിരിസ് കഴിഞ്ഞാൽ വ്യാപാരികളെ ആകർഷിച്ചിരുന്ന പൊന്നാനി തുറമുഖവും രാജ്യാന്തര ബന്ധങ്ങളുണ്ടാക്കാൻ ഇൗ തീരം വഹിച്ച പങ്കും ഓർമിക്കപ്പെടേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. പി.നന്ദകുമാർ എംഎൽഎ, നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, നഗരസഭാ സ്ഥിരസമിതി അധ്യക്ഷൻ ഒ.ഒ.ഷംസു എന്നിവരും ഒപ്പമുണ്ടായിരുന്നു. പഴയ കസ്റ്റംസ് ഓഫിസിന്റെയും ചരക്കുകൾ സൂക്ഷിച്ചിരുന്ന പാണ്ടികശാലയുടെയും ശേഷിപ്പുകൾ ഇപ്പോഴും പൊന്നാനി തുറമുഖത്തുണ്ട്.

പാണ്ടികശാലയുടെ ചുമരുകളിൽ മുഴുവൻ ആൽമരത്തിന്റെ വേരുകൾ പടർന്നു. ഇത് വ്യക്തിയുടെ ഭൂമിയിലാണ്. പൊന്നാനിയിലെത്തുന്നവരെ ഏറെ ആകർഷിച്ചിരുന്ന ചരിത്ര ശേഷിപ്പ് നിലകൊള്ളുന്ന ഭൂമിയിൽ വ്യക്തിയുടെ കെട്ടിടം നിർമിക്കുന്നു. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പൊന്നാനി കോടതിക്കെട്ടിടവും നാശത്തിന്റെ വക്കിലാണ്. കെട്ടിടം നവീകരിക്കുന്നതിനു പദ്ധതികൾ തയാറായെങ്കിലും നടപടികൾക്ക് ഒച്ചിന്റെ വേഗമാണ്.

കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സബ് ട്രഷറി ചന്തപ്പടിയിലെ സ്വകാര്യ കെട്ടിടത്തിലേക്കു മാറുകയാണ്. കെട്ടിടം ചരിത്ര സ്മാരകമായി സംരക്ഷിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ ഇൗ കെട്ടിടവും വിസ്മൃതിയിലേക്ക് നീങ്ങും.
➖➖➖➖➖➖➖➖➖➖➖
Facebook:
https://www.facebook.com/mediogramnews/
YouTube:
ahttps://www.youtube.com/channel/UC3QeSKtC0DsI1LC6cToxfUw
Instagram
https://instagram.com/mediogramlive?igshid=qgq3dbc2h1hxI

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button