Local newsMALAPPURAM

പൂന്താനം ഇല്ലത്തെ പത്തായപ്പുരയുടെ മേൽക്കൂര പുനർനിർമിക്കാൻ നടപടി

പെരിന്തൽമണ്ണ ∙ കഴിഞ്ഞ ദിവസം കനത്ത കാറ്റിലും മഴയിലും തകർന്ന പൂന്താനം ഇല്ലത്തെ പടുകൂറ്റൻ പത്തായപ്പുരയുടെ മേൽക്കൂര പുനർനിർമിക്കാൻ നടപടി സ്വീകരിച്ചതായി ഗുരുവായൂർ ദേവസ്വം അധികൃതർ അറിയിച്ചു. 500 വർഷത്തിലേറെ പഴക്കമുള്ളതാണ് ചെങ്കല്ലിൽ നിർമിച്ച മൂന്നു നിലകളോടു കൂടിയ പത്തായപ്പുര. കവി പൂന്താനത്തിന്റെ താവഴിയിലെ അവസാന അംഗമായിരുന്ന പൂന്താനം രാമൻ നമ്പൂതിരിയുടെ മരണത്തോടെയാണ് ഇല്ലം ഗുരുവായൂർ ദേവസ്വത്തിന് ലഭിച്ചത്. 1993 ഓഗസ്‌റ്റ് 29 മുതൽ ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലാണ് ഇല്ലവും പത്തായപ്പുരയും.

മരം കൊണ്ട് നിർമിച്ച ഓടുമേഞ്ഞ മേൽക്കൂര ഭാഗികമായി തകർന്ന നിലയിലാണ്. കാലപ്പഴക്കം മൂലം ചിതലരിച്ച് ദ്രവിച്ച അവശേഷിക്കുന്ന ഭാഗവും ഉപയോഗയോഗ്യമല്ല. മേൽക്കൂര പൂർണമായി തനിമ നഷ്‌ടപ്പെടാതെ പുനർനിർമിക്കാനാണ് ഗുരുവായൂർ ദേവസ്വത്തിന്റെ തീരുമാനം. ഇതിനാവശ്യമായ പ്ലാൻ, എസ്‌റ്റിമേറ്റ് എന്നിവ തയാറാക്കാൻ ദേവസ്വത്തിന്റെ എൻജിനീയറിങ് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവ ലഭിച്ചാലുടൻ മേൽക്കൂര പുനർനിർമിക്കും. അതോടൊപ്പം പത്തായപ്പുരയുടെ മറ്റു കേടുപാടുകളും പരിശോധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button