കുറഞ്ഞ നിരക്കില്‍ വിമാനയാത്ര വാഗ്ദാനം ചെയ്ത് തട്ടിപ്പ്;എടപ്പാള്‍ സ്വദേശി അറസ്റ്റിൽ
എടപ്പാൾ : കുറഞ്ഞ നിരക്കില്‍ വിമാനയാത്ര വാഗ്ദാനം ചെയ്ത് പ്രവാസികളില്‍ നിന്ന് 28 ലക്ഷം രൂപ തട്ടിയ യുവാവ് പിടിയിൽ. പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കകം തട്ടിപ്പ് വീരനെ പൊന്നാനി പോലീസ് പിടികൂടി. എടപ്പാള്‍ കാലടി വടക്കത്ത് വളപ്പില്‍ സുഹൈലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഗള്‍ഫില്‍ സ്കൂളുകള്‍ക്ക് അവധിക്കാലമായതിനാല്‍ കഴുത്തറപ്പന്‍ നിരക്ക് വാങ്ങുന്ന വിമാനക്കമ്പനികളുടെ ചൂഷണ തന്ത്രമാണ് ഒട്ടേറെ മലയാളികളെ തട്ടിപ്പുകാരന്റെ കെണിയില്‍ കുടുക്കിയത്.
ഒരു ഭാഗത്തേക്കുള്ള യാത്രക്ക് പോലും അര ലക്ഷത്തിലേറെ രൂപയാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്. നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര വെറും 42000 രൂപക്ക് നല്‍കാമെന്ന സുഹൈലിന്റെ വാഗ്ദാനം വിശ്വസിച്ച് പണം നല്കിയവരാണ് കബളിപ്പിക്കപ്പെട്ടത്.
മുൻപും സേവനം ലഭിച്ചിട്ടുള്ളതിനാലാണ് പലരും ഇയാളെ വിശ്വസിച്ചത്. കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുന്ന വിവരം സുഹൃത്തുക്കള്‍ പരസ്പരം പങ്കുവെച്ചതോടെ ആവശ്യക്കാരേറി. അതോടെ കൂടുതല്‍ ഇരകള്‍ സുഹൈലിന്റെ കെണിയിൽപ്പെട്ടു. മടക്കയാത്ര ഉള്‍പ്പെടുന്ന പാക്കേജിനും ഒരു ഭാഗത്തേക്കുള്ള യാത്രക്കും പണം നല്കിയവരും ഇരകളിലുണ്ട്.
മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ പണം വിമാനക്കമ്പനികള്‍ ഊറ്റുന്നതോര്ത്താണ് എല്ലാവരും ഇയാളുടെ വാക്ക് വിശ്വസിച്ചത്. രണ്ടും മൂന്നും പേരടങ്ങുന്ന കുടുംബങ്ങള്‍ക്ക് നാട്ടില്‍ വന്നുപോകാന്‍ ലക്ഷങ്ങള്‍ വേണമെന്നത് പ്രവാസികള്‍ക്ക് കനത്ത ഭാരമാണ്.