ഉണ്ണിയാർച്ചയും തച്ചോളി ഒതേനനുമെല്ലാം കൺമുന്നിൽ:വീരചരിതം രചിച്ച് പൊന്നാനി
May 16, 2023
പൊന്നാനി:വടക്കൻപാട്ട് വീരകഥകളെ വെല്ലുന്ന പ്രകടനമാണ് പൊന്നാനി എ.വി ഹൈസ്‌കൂളിൽ നടക്കുന്ന എന്റെ കേരളം പ്രദർശന മേളയിൽ നടന്ന കളരിപ്പയറ്റിൽ അരങ്ങേറിയത്.ഉണ്ണിയാർച്ചയും, തച്ചോളി ഒതേനനുമൊക്കെ കൺമുന്നിൽ വന്നപോലെ. വീറും വാശിയും ആവോളം നിറഞ്ഞുനിന്ന കലാ പ്രകടനം ആദ്യാവസാനം കാഴ്ചക്കാരെയും ആവേശത്തിലാഴ്ത്തി 60 ഓളം കലാകാരന്മാരാണ് കളരിപ്പയറ്റ് അഭ്യാസപ്രകടനം കാഴ്ചവച്ചത്. കളരിവന്ദനം, പകർച്ചക്കാൽ, വെട്ടുകത്തി പയറ്റ്, മെയ്ച്ചുവട്,വടിവുകൾ, നെടുവടിപ്പയറ്റ്,ഉറുമി വീശൽ,കണ്ണ് കെട്ടിപ്പയറ്റ്, വീശൽ മറിച്ചിടൽ, പൊരിപ്പന്തം തുടങ്ങിയ ചുവടുകളാണ് ആൺ- പെൺ വ്യത്യാസമില്ലാതെ മേളയെ ഇളക്കിമറിച്ചത്. ജില്ലയിലെ വിഷു കായികതാരങ്ങൾ അവതരിപ്പിച്ച വുഷു ആയോധനകല പ്രകടനവും ഇതിന്റെ കൂടെ അരങ്ങേറി. കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള ചൈനീസ് ആയോധനകലയായ വുഷു എന്ന കായിക എന്നതിന്റെ 32 ഓളം കായികതാരങ്ങൾ അണിനിരന്നു കൊണ്ടാണ് അവതരിപ്പിച്ചത്. വുഷുവിലെ വിവിധതരം മത്സരയിനങ്ങളായ ദാവോ ഷു, ജിയാൻ ഷൂ, ക്യൂവാൻ ഷു, ചാൻ ക്യാൻനാൻ ഗ്രൂപ്പ്, ഡ്യൂവൽ ഈവന്റ്, ഗ്രൂപ്പ് ഇവന്റ് തുടങ്ങിയ ഇനങ്ങളാണ് കേരളത്തിനുവേണ്ടി നിരവധി ദേശീയ ചാമ്പ്യൻഷിപ്പുകളിൽ മെഡൽ നേടിയ ജില്ലയിലെ കായിക താരങ്ങൾ വേദിയിൽ അവതരിപ്പിച്ചത്. ജില്ലാ ബോഡി ബിൽഡേഴ്സ് അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന പത്തോളം മല്ലന്മാരുടെ ബോഡി ഷോയും കാണികൾക്ക് വ്യത്യസ്ത അനുഭവമായി മാറി. ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ ബോഡി ബിൽഡേഴ്സ് അസോസിയേഷൻ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്