കുറ്റിപ്പുറം മിനി പമ്പ ഇടത്താവളം: ഭക്തർക്കായി വിപുലമായ സൗകര്യങ്ങളൊരുക്കും
കുറ്റിപ്പുറം | ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കുറ്റിപ്പുറം മിനി പമ്പയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ വിശ്രമകേന്ദ്രം ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. തവനൂർ എം.എൽ.എ അഡ്വ. വി.എസ് ജോയിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്ന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്തു.
ദീർഘകാല അടിസ്ഥാനത്തിൽ മിനി പമ്പയെയിൽ വിപുലമായ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് വി.എസ് ജോയ് എം.എൽ.എ യോഗത്തിൽ പറഞ്ഞു. കുറ്റിപ്പുറം മിനി പമ്പയിൽ ഭക്തർക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും,വിരി വെക്കാനും,ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനും ആവശ്യമായ സൗകര്യങ്ങൾ ഏകോപിതമായി ഒരുക്കുന്നതിനാണ് യോഗം ലക്ഷ്യമിട്ടത്. തീർത്താടകർക്ക് ആവശ്യമായ പാർക്കിങ് ഇല്ലാത്തതായിരുന്നു മിനി പമ്പയിലെ ഏറ്റവും വലിയ പ്രശ്നം.ഇതിന് പരിഹാരമായി കഴിഞ്ഞ ദിവസം പി.ഡബ്ലിയു.ഡി മിനിസ്റ്ററുടെ ചേമ്പറിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ എം.എൽ.എ പ്രശ്നം ഉന്നയിക്കുകയും പരിഹാരമായി പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം പാർക്കിങ്ങിനായി അനുവദിക്കാൻ തീരുമാനമായിട്ടുണ്ട്.
ഇടത്താവളത്തിൽ ഭക്തർക്ക് വിശ്രമിക്കാനുള്ള സൗകര്യത്തിനൊപ്പം അന്നദാനം ഒരുക്കുന്നതിനും കുടിവെള്ളം ലഭ്യമാക്കുന്നതിനും വൈദ്യുതി ഉറപ്പാക്കുന്നതിനും നടപടികൾ സ്വീകരിക്കും. തീർഥാടകർക്ക് സ്ഥലത്തെ സൗകര്യങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന വിധത്തിൽ വിവിധ ഭാഷകളിലുള്ള ദിശാസൂചക ബോർഡുകളും സ്ഥാപിക്കും. തീർഥാടകരുടെ സുരക്ഷയും ആരോഗ്യപരിരക്ഷയും ഉറപ്പാക്കുന്നതിനായി വളണ്ടിയർമാരുടെ സേവനം,പോലീസ് സാന്നിധ്യം,ഫയർഫോഴ്‌സിന്റെ സേവനം,ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള ആരോഗ്യസഹായം,ഡി.ടി.പി.സി.യുടെ നേതൃത്വത്തിൽ ബോട്ട്,ലൈഫ് ഗാർഡ് എന്നിവയും ഏകോപിപ്പിക്കും.വിവിധ വകുപ്പുകൾ തമ്മിലുള്ള സഹകരണത്തിലൂടെ തീർഥാടകർക്ക് ആവശ്യമായ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കും. ഇടത്താവളത്തിന്റെ പ്രവർത്തനങ്ങൾ വിജയകരമാക്കുന്നതിനായി വിവിധ സംഘടനകളുടെയും വ്യാപാരി-വ്യവസായി സമൂഹത്തിന്റെയും സഹകരണം ഉറപ്പാക്കാനും യോഗത്തിൽ തീരുമാനിച്ചു.
സർക്കാർ സംവിധാനങ്ങൾക്കൊപ്പം സന്നദ്ധ സംഘടനകളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും പിന്തുണ കൂടി പ്രയോജനപ്പെടുത്തി ഏകീകൃത സ്വഭാവത്തിൽ പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി,തവനൂർ പഞ്ചായത്ത് പ്രസിഡന്റ്സിദ്ധീഖ്,ജില്ലാ പഞ്ചായത്ത് അംഗം വസീമ വേളേരി,അയ്യപ്പ സേവാ പ്രതിനിധികൾ,ഡി.ടി.പി.സി സെക്രട്ടറി,ശുചിത്വ മിഷൻ പ്രതിനിധികൾ,തഹസിൽദാർ,പൊതുമരാമത്ത് വകുപ്പ് പ്രതിനിധികൾ,പോലീസ് ഫയർഫോഴ്‌സ് പ്രതിനിധികൾ,വ്യാപാരി വ്യവസായി പ്രതിനിധികൾ,കെ.എസ്.ഇ.ബി തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.