കൊലപാതകത്തിന് കാരണം ഭാര്യയുമായുളള സൗഹൃദം; യുവാവിനെ കൊലപ്പെടുത്തി കനാലില്‍ തള്ളി, സമീപവാസി അറസ്റ്റിൽ
കലഞ്ഞൂരില്‍ യുവാവിനെ കൊലപ്പെടുത്തി കനാലില്‍ തള്ളിയ സംഭവത്തിൽ സമീപവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. കടത്ത്വ സ്വദേശിയായ ശ്രീകുമാറാണ് ബുധനാഴ്ച രാത്രി പൊലീസ് പിടിയിലായത്. സമീപവാസിയായ അനന്തു(28)വിനെയാണ് ശ്രീകുമാര്‍ കൊലപ്പെടുത്തിയത്.അനന്തുവിന് ശ്രീകുമാറിന്റെ ഭാര്യയുമായി സൗഹൃദമുണ്ടായിരുന്നു. ഇവരുടെ സൗഹൃദത്തിൽ ശ്രീകുമാറിന് സംശയമുണ്ടായതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഞായറാഴ്ചയാണ് അനന്തുവിനെ പ്രതി കൊലപ്പെടുത്തുന്നത്. തുടർന്ന് യുവാവിന്റെ മൃതദേഹം കനാലിൽ തളളിയിട്ടശേഷം പ്രതി നാട്ടിൽ നിന്നും മുങ്ങി. കുളത്തുമണ്‍ വനമേഖലയോട് ചേർന്നുളള റബ്ബര്‍ പുകപ്പുരയില്‍ ഒളിവിൽ കഴിയുകയായിരുന്നു പ്രതി
കലഞ്ഞൂരില്‍ നിന്ന് ഞായറാഴ്ച കാണാതായ യുവാവിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെയാണ് കല്ലട ജലസേചന പദ്ധതിയുടെ കനാലില്‍ നിന്നും കണ്ടെത്തിയത്. അനന്തുവിന്റെ തലയ്ക്കു പിന്നിലും മുഖത്തും പാടുകളുണ്ടായിരുന്നു. മൃതദേഹം കണ്ടെത്തിയതിന് അരക്കിലോമീറ്റര്‍ അകലെയുളള പ്ലാന്റേഷന് കോര്‍പ്പറേഷന്റെ റബ്ബര്‍ എസ്റ്റേറ്റിനുള്ളില്‍ ചോരപാടുകള്‍ കണ്ടെത്തിയിരുന്നു. അനന്തുവിന്റെ ശരീരത്തില്‍ ഷര്‍ട്ടിന്റെ ഒരു ഭാഗം മാത്രമാണ് ഉണ്ടായിരുന്നത്. അനന്തു വലിയ ഒഴുക്കുളള വെളളത്തില്‍ പോലും നീന്തുമെന്നും കനാലില്‍ വീണ് മരിക്കില്ലെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.