EDAPPAL

അപകടങ്ങളിൽ നടുങ്ങി എടപ്പാൾ
രണ്ടാഴ്ചക്കിടെ മരിച്ചത് മൂന്നുപേർ

എടപ്പാൾ: എടപ്പാൾ വീണ്ടും അപകടങ്ങളിൽ നടുങ്ങുകയാണ്. രണ്ടാഴ്ചയ്ക്കിടെ അഞ്ചു കിലോമീറ്റർ ചുറ്റളവിലുണ്ടായത് മൂന്ന് അപകടമരണങ്ങളാണ്‌. ഞായറാഴ്ച വൈകുന്നേരം അയിലക്കാട് റോഡിൽ കാറിനെ മറികടന്നുള്ള കുതിപ്പിനിടയിൽ ബസിനടിയിലേക്ക് തെറിച്ചുവീണ് പൊന്നാനി സ്വദേശിയായ അബ്രാർ (18) മരിച്ചതിന്റെ ആഘാതം മാറും മുൻപാണ് പുള്ളുവൻപടിയിൽ കെ.എസ്.ആർ.ടി.സി. ബസിടിച്ച് ബൈക്ക് യാത്രക്കാരനായ മിഥുൻ മരിച്ചത്. ഈ അപകടത്തിൽ പരിക്കേറ്റ ഒരു യുവാവിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണ്. ഇതിന് രണ്ടാഴ്ച മുൻപാണ് പന്താവൂരിൽ ബൈക്ക് യാത്രക്കാരൻ ബസിനടിയിൽ കുടുങ്ങി അതിദാരുണമായി മരിച്ചത്. എല്ലാം അപകടങ്ങളിലുമുൾപ്പെട്ടത് ബൈക്കാണെന്നത് സാധാരണക്കാരെ ആശങ്കയിലാക്കുകയാണ്. ബൈക്ക് യാത്രക്കാരിൽ ചില യുവാക്കളെങ്കിലും അതീവ അപകടകരമായ രീതിയിലാണ് വാഹനമോടിക്കുന്നത്. അമിതവേഗം, ഹെൽെമറ്റില്ലാതെ രണ്ടിൽകൂടുതലാളെ വെച്ചുള്ള യാത്ര എന്നിവയെല്ലാം ഇതിന് ആക്കം കൂട്ടുന്നു. വലിയ വാഹനങ്ങൾ ഇരുചക്രവാഹനങ്ങൾക്ക് വേണ്ടത്ര പരിഗണന നൽകാത്തതും പലപ്പോഴും വലിയ ദുരന്തങ്ങൾക്ക് കാരണമാകുന്നുണ്ട്.

ഏതാനും മാസം മുൻപ് നടുവട്ടം-നെല്ലിശ്ശേരി റോഡിൽ റോഡ് പണിക്ക് മെറ്റലുമായി പോകുകയായിരുന്ന ടോറസിൽ സ്‌കൂട്ടറിന്റെ കണ്ണാടിയൊന്ന് തട്ടി ബ്യൂട്ടീഷ്യനായ ഒരു യുവതി ദാരുണമായി മരിച്ചിരുന്നു. അപകടങ്ങൾ കുറയ്ക്കാൻ വേണ്ട നടപടികളെടുക്കാൻ അധികാരികൾ രംഗത്തിറങ്ങിയാൽ കുറെ അത്യാഹിതങ്ങളെങ്കിലും തടയാനാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button